''കുഞ്ഞാലിക്കുട്ടിയെ അല്ല വിപി ചാനുവിനെ കാണണം'': കരച്ചില്‍ ചിരിയാക്കാന്‍ ഒടുവില്‍ സാനുവെത്തി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 19th April 2019 04:38 PM  |  

Last Updated: 19th April 2019 04:38 PM  |   A+A-   |  

 

താനും ദിവസങ്ങള്‍ക്ക് മുന്‍പ് വിപി ചാനുവിനെ കാണണം എന്ന് പറഞ്ഞ് കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.  മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍തൊടി ലുബ്‌നനിഷാദ് ദമ്പതികളുടെ ഏകമകന്‍ കുഞ്ഞു ഫൈസാന്‍ ആണ് ആലുകള്‍ക്ക് കൗതുകമായി മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാണാനായി വാശിപിടിച്ചത്.

നമുക്ക് കുഞ്ഞാലിക്കുട്ടിയെ കാണാം എന്ന് അമ്മ പറയുമ്പോള്‍ എനിക്ക് ചാനുവിനെ കണ്ടാമതിയേ..' എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞിന്റെ വിഡിയോ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സനുവിന്റെ ശ്രദ്ധയിലും പെട്ടിരുന്നു. ഇപ്പോഴിതാ പ്രചാരണത്തിരക്കിനിടയില്‍ തന്റെ കുഞ്ഞ് ആരാധകനെ കാണാന്‍ എത്തിയിരിക്കുകയാണ് സ്ഥാനാര്‍ഥി. കുഞ്ഞിനെ കണ്ടതിന് ശേഷം സാനു ഫേസ്ബുക്കിലെഴുതിയ കുറിപ്പും വൈറലാവുകയാണ്. 

വിപി സാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

പി പി ചാനുനെ കാണണം

ഇന്നലെ നിരവധി ആളുകൾ ഷെയർ ചെയ്ത ഒരു കുഞ്ഞിന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി. ബാലസംഘം പ്രവർത്തകൻ ആയിരുന്നത് കൊണ്ട് തന്നെ കുട്ടികളെ എന്നും ഒരുപാട് ഇഷ്ട്ടമാണ്. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍തൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏകമകനാണ് ഫൈസാൻ. സോഷ്യൽ മീഡിയയിൽ സാനുവിനെ കാണണം എന്നു പറഞ്ഞു കരയുന്ന ഫൈസാന്റെ വീഡിയോ എന്റെ സുഹൃത്തുക്കൾ ഇന്നലെ അയച്ച് തന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടയിൽ ഇന്നലെ ഫൈസാനെ കാണാൻ കുറച്ച് സമയം മാറ്റിവെച്ചു.ഒരു നിമിഷം ഞാൻ പഴയ ആ ബാലസംഘം കൂട്ടുകാരനായി.രാജ്യത്ത് ഏറ്റവും വലിയ അക്രമങ്ങൾക്ക് ഇരയാകുന്നവരാണ് കുട്ടികൾ. കേരളത്തിലെ ഇടതുപക്ഷ സർക്കാർ ശിശുസൗഹൃദ കേരളത്തെ സൃഷ്ട്ടിച്ചു മാതൃക കാട്ടുന്നു. രാജ്യത്ത് നിരവധിയായ ശിശു സംരക്ഷണ സംവിധാനങ്ങളും, നിയമങ്ങളും ഉണ്ടെങ്കിലും അവയുടെ പ്രവൃത്തിവൽക്കരണം അനിവാര്യമാണ്. ഞാൻ ഒരു ബാലസംഘം പ്രവർത്തകൻ ആയതു കൊണ്ട് തന്നെ പാർലമെന്റിൽ എത്തുകയാണെകിൽ കുട്ടികളുടെ ശബ്‌ദമായിമാറും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

ഫൈസാന് ഒരു സമ്മാനവും നൽകി.അതെ ഇതെല്ലാം ആണ് എന്റെ കരുത്ത്, ഇതാണ് എന്റെ ആത്മവിശ്വാസം.