വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ വീണ ജോർജിനെതിരെ ശരണം വിളി പ്രതിഷേധവുമായി എസ്എൻ‍ഡിപി പ്രവർത്തകർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 08:18 AM  |  

Last Updated: 19th April 2019 08:24 AM  |   A+A-   |  

veena

 

തിരുവല്ല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടകനായ വേദിയിൽ പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥി വീണാ ജോർജിനെതിരെ ശരണം വിളിച്ച് പ്രതിഷേധം. എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിലാണ് പ്രതിഷേധം അരങ്ങേറിയത്. ചടങ്ങിന്‍റെ തുടക്കത്തിൽ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ വേദിയിലെത്തി മടങ്ങിയിരുന്നു. വെള്ളാപ്പള്ളി നടേശനുമായി ഹസ്തദാനം നടത്തിയ കെ സുരേന്ദ്രൻ ഉടൻ വേദി വിടുകയായിരുന്നു.

ഇതിന് ശേഷമാണ് വീണ ജോർജ് എത്തിയത്. വീണയെ വേദിയിലിരുത്തി വെള്ളാപ്പള്ളി അമിത പ്രാധാന്യം നൽകിയതാണ് സദസിലുണ്ടായിരുന്ന ഒരു വിഭാഗം എസ്എൻഡിപി നേതാക്കളെ പ്രകോപിപ്പിച്ചത്. ഉദ്ഘാടന ശേഷം വ്യക്തികളെ ആദരിക്കുന്ന സമയത്താണ് വീണ ജോർജ് വേദിയിലെത്തിയത്. വ്യക്തികളെ ഷാൾ അണിയിച്ച് ആദരിക്കാൻ വീണയ്ക്കും അവസരം നൽകി. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സമുദായംഗത്തെ ഷാൾ അണിയിച്ച് ആദരിച്ചത് വീണയായിരുന്നു. ഈ സമയത്താണ് സദസിന് പിൻവശത്ത് ഒരു വിഭാഗം ആളുകൾ ശരണം വിളിച്ച് പ്രതിഷേധിച്ചത്. 

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമല്ലാതിരുന്ന  വീണയ്ക്ക് യോ​ഗത്തിൽ അമിത പ്രാധാന്യം നൽകിയതിനാലാണ് പ്രതിഷേധിച്ചതെന്ന് തേതാക്കൾ വ്യക്തമാക്കി. എന്നാൽ പ്രതിഷേധം സംബന്ധിച്ച് വെള്ളാപ്പള്ളി പ്രതികരിക്കാൻ തയ്യാറായില്ല.