കുമ്മനത്തിനായി വോട്ട് ചോദിച്ച് ടി.പി ശ്രീനിവാസന്‍ ബിജെപി വേദിയില്‍; ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്‍പ് റാലിയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്
കുമ്മനത്തിനായി വോട്ട് ചോദിച്ച് ടി.പി ശ്രീനിവാസന്‍ ബിജെപി വേദിയില്‍; ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ


തിരുവനന്തപുരം; തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് വിദേശകാര്യ വിദഗ്ധനും മുന്‍ അംബാസിഡറുമായ ടി.പി ശ്രീനിവാസന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ സങ്കല്‍പ് റാലിയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്. വേദിയില്‍ കുമ്മനം രാജശേഖരന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. 

കുമ്മനത്തിന് അധികാരമോഹമില്ലെന്നും ഏത് ചുമതലയും ഏറ്റെടുക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്. ' 'അധികാരത്തില്‍ പലരെയും കൊണ്ടു വരുമ്പോള്‍, അവര്‍ പലരും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാല്‍ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറം ഗവര്‍ണറോ, തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനം രാജശേഖരന്  പിന്തുണ പ്രഖ്യാപിക്കുന്നത്'. പരിപാടിയിലേക്ക് ക്ഷണിച്ചതിന് സംഘാടകര്‍ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. 

2009 ല്‍ ശശി തരൂരിനെ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ മണ്ഡലത്തില്‍ പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ശ്രീനിവാസന്‍. 10 വര്‍ഷങ്ങള്‍ക്കിപ്പുറം തരൂരിന്റെ എതിരാളിക്കായി വോട്ടു ചോദിക്കുകയാണ് അദ്ദേഹം. എന്തായാലും ശ്രീനിവാസന്‍ ബിജെപി വേദിയില്‍ എത്തിയതിനെ ചര്‍ച്ചചെയ്യുകയാണ് സോഷ്യല്‍ മീഡിയ. എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ ഇന്ത്യയുടെ ഗവര്‍ണറുമായിരുന്നു ശ്രീനിവാസന്‍. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറായും കെനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേരള സര്‍ക്കാറിന് ഉപദേശം നല്‍കുന്ന കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എന്ന സമിതിയുടെ ഉപാധ്യക്ഷന്‍, എക്‌സിക്യൂട്ടിവ് തലവന്‍ എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com