'കുരിശാണ് നമ്മുടെ ചിഹ്നം'; സഭയെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും കഴിയില്ല: സൂസൈപാക്യം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 19th April 2019 10:48 AM  |  

Last Updated: 19th April 2019 10:48 AM  |   A+A-   |  

 

തിരുവനന്തപുരം: വിശ്വാസികൾ തെരഞ്ഞടുപ്പിൽ വോട്ട് ചെയ്യുമ്പോൾ ആദർശ ശുദ്ധിയോടെയുള്ള തീരുമാനമെടുക്കണമെന്ന്​ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. ദുഃഖവെള്ളി ദിനത്തിൽ വിശ്വാസികള്‍ക്ക് സന്ദേശം നൽകുകയായിരുന്നു  സൂസൈപാക്യം. 

കുരിശാണ്​ നമ്മുടെ ചിഹ്നം. കുരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ല. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ കുരിശും വിവാദമായി. സഭയെ താറടിക്കാനുള്ള ശ്രമവും ഒരു ഭാഗത്ത്​ നടക്കുന്നുണ്ട്. സഭയെ ഇല്ലായ്​മ ചെയ്യാൻ ഒരു ശക്​തിക്കും കഴിയില്ലെന്നും സൂസൈപാക്യം തിരുവനന്തപുരത്ത്​ പറഞ്ഞു. 

‘നഗര മധ്യത്തിലൂടെ ക്രിസ്​തുവിനെ അനുഗമിച്ച നാം നാല്​ ഭാഗത്തും വിവിധ പാർട്ടികളുടെ വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകൾ കാണാനിടയായി. പല തരത്തിലുള്ള ചിഹ്നങ്ങളാണ്​ അതിൽ ചിത്രീകരിച്ചിരിക്കുന്നത്​. നമ്മുടെ ചിഹ്നത്തിന്​ വോട്ട്​ ചെയ്യണമെന്നാണ്​ എല്ലാവരും ആവശ്യപ്പെടുന്നത്’​. 

‘തെരഞ്ഞെടുപ്പ്​ ചിഹ്നത്തിനോ അടയാളത്തിനോ അല്ല നമ്മൾ  പ്രാധാന്യം നൽകുന്നത്​. മറിച്ച്​ അത്​ സൂചിപ്പിക്കുന്ന പാർട്ടിയുടെ സംഭാവനകളെ കുറിച്ചാണ്​. സ്ഥാനാർഥികളുടെ സ്വഭാവ സവിശേഷതകളെ കുറിച്ചാണ്​ ചിന്തിക്കുന്നതും വിലയിരുത്തുന്നതും തീരുമാനമെടുക്കുന്ന’തെന്നും സുസെപാക്യം പറഞ്ഞു.