കെഎം മാണിയോടുള്ള ആദരം; കോട്ടയത്ത് കൊട്ടിക്കലാശം ഒഴിവാക്കാൻ യുഡ‍ിഎഫ് തീരുമാനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 07:51 AM  |  

Last Updated: 19th April 2019 07:51 AM  |   A+A-   |  

KM_Mani_1

 

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിനത്തിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ യുഡ‍ിഎഫ് തീരുമാനം. കേരള കോൺ​ഗ്രസ് എം ചെയർമാനായിരുന്ന കെഎം മാണിയുടെ വേർപാടിനെ തുടർന്നാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

ശബ്ദ പ്രചാരണം സമാപിക്കുന്ന ഞായറാഴ്ച വൈകീട്ട് പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രാർഥന നടത്തും. മറ്റ് ആറ് മണ്ഡലത്തിലും പ്രചാരണ സമാപനം ശാന്തമായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

വ്യാഴാഴ്ച പാലായിൽ നടന്ന യുഡിഎഫ് സ്ഥാനർഥിയുടെ പര്യടനം കെഎം മാണിയുടെ സ്മൃതി യാത്രയായി മാറി. മാണി അന്ത്യ വിശ്രമം കൊള്ളുന്ന സെയ്ന്റ് തോമസ് കത്തീഡ്രലിൽ നിന്നാണ് സ്മൃതി യാത്ര ആരംഭിച്ചത്. മാണിയുടെ ഛായാ ചിത്രം വഹിച്ചായിരുന്നു യാത്ര. പ്രചാരണ രം​ഗത്ത് നിഴലിക്കുന്ന മാണിയുടെ അസാന്നിധ്യം അദ്ദേഹത്തിന്റെ ഓർമകളിലൂടെ മറികടക്കാനാണ് യുഡിഎഫ് ശ്രമം.