ശസ്ത്രക്രിയയ്ക്കായി ആംബുലന്‍സിലെത്തിച്ച കുഞ്ഞിനെതിരെ വര്‍ഗീയ പോസ്റ്റിട്ട സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 10:28 AM  |  

Last Updated: 19th April 2019 10:32 AM  |   A+A-   |  

 

കൊച്ചി :   മംഗളൂരുവിൽ നിന്നു നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി ആംബുലൻസിൽ അമൃത ആശുപത്രിയിൽ എത്തിച്ചതിനെപ്പറ്റി മതസ്പർധയുണ്ടാക്കുന്ന ഫെയ്സ്ബുക് പോസ്റ്റ് ഇട്ട സംഘപരിവാർ പ്രവർത്തകൻ അറസ്റ്റിൽ. എറണാകുളം ജില്ലയിലെ പോത്താനിക്കാടിനു സമീപം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരത്തിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. നെടുങ്കണ്ടത്തു നിന്നാണ് ഇയാളെ പിടികൂടിയത്. 

‘ജിഹാദിയുടെ വിത്ത്’ എന്ന മട്ടിലുള്ള കുറിപ്പാണ് വ്യാപകരോഷം ക്ഷണിച്ചുവരുത്തിയത്. മംഗളൂരുവില്‍നിന്ന്‌ കുഞ്ഞിനെ അതിവേഗം എത്തിക്കാൻ കൈക്കൊണ്ട നടപടിക്കെതിരെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റ് ഇട്ടതിന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.

ഫെയ്സ്ബുക് പോസ്റ്റ് സംബന്ധിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സൈബർ സെൽ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണു പൊലീസ് സ്വമേധയാ കേസെടുത്ത് ഇയാളെ അറസ്റ്റു ചെ്യതത്. 

ചൊവ്വാഴ്ച വൈകിട്ടാണ് 16 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. ‘ഹിന്ദുരാഷ്ട്ര പ്രവർത്തകൻ’ എന്നാണ് ഫെയ്സ്ബുക്കിൽ ബിനിൽ പരിചയപ്പെടുത്തുന്നത്. ചൊവ്വാഴ്ച ഇട്ട പോസ്റ്റ് പിന്നീടു നീക്കം ചെയ്തു. അതേസമയം തന്റെ ഫെയ്സ്ബുക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നു എന്നു കാട്ടി ബിനിൽ സോമസുന്ദരം കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു.