തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ കൊലപാതകം : അമ്മയുടെ രഹസ്യ മൊഴിയെടുക്കല്‍ വൈകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2019 08:01 AM  |  

Last Updated: 19th April 2019 08:01 AM  |   A+A-   |  

 

കൊച്ചി : തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കല്‍ വൈകുന്നു. മൊഴി രേഖപ്പെടുത്താന്‍ തൊടുപുഴ പൊലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് അപേക്ഷ നല്‍കിയെങ്കിലും നടപടി ആയിട്ടില്ല. 

കുട്ടിയുടെ അമ്മ കുടംബശ്രീക്ക് കീഴില്‍ ഇടുക്കിയിലുള്ള സ്‌നേഹിത കേന്ദ്രത്തിലാണ്. ഇടുക്കിയിലും കൂത്താട്ടുകുളത്തുമായി കൗണ്‍സലിംഗും നല്‍കുന്നുണ്ട്. യുവതി സാധാരണ നിലയിലേക്ക് എത്തിയശേഷം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുട്ടിക്കെതിരായ ആക്രമണത്തില്‍ ഇവരെ പ്രതിയാക്കണമോയെന്ന് തുടര്‍ന്ന് തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. 

കുട്ടിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് റിമാന്‍ഡിലാണ്. കുട്ടിയുടെ അമ്മയും ഇയാളുടെ മര്‍ദനത്തിന് ഇരയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ഇളയ സഹോദരനായ നാലു വയസ്സുകാരനെയും പ്രതി ക്രൂരമായി മര്‍ദിച്ചിരുന്നു. കൂടാതെ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. 

യുവതിയുടെ ആദ്യഭര്‍ത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.