പണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒന്നാം സമ്മാനം നേടിയ ലോട്ടറി തട്ടിയെടുത്തു ; പ്രതി പിടിയില്‍

ഏറ്റുമാനൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന അസം സ്വദേശി സുശീല്‍ വാങ്ങിയ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റാണ് പ്രതി തട്ടിയെടുത്തത്
പണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒന്നാം സമ്മാനം നേടിയ ലോട്ടറി തട്ടിയെടുത്തു ; പ്രതി പിടിയില്‍

കൊച്ചി : 65 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍.  മലപ്പുറം എടക്കര ചരടികുത്തു സമദി(45) നെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന അസം സ്വദേശി സുശീല്‍ വാങ്ങിയ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റാണ് പ്രതി തട്ടിയെടുത്തത്. 

ഒന്നാം സമ്മാനം നേടിയ ടിക്കറ്റുമായി ഏറ്റുമാനൂരിലെ ബാങ്കിലെത്തിയ സുശീലിനോടു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ആധാര്‍കാര്‍ഡും ലോട്ടറിയുമായി വരാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇയാളുടെ പക്കല്‍ ആധാര്‍കാര്‍ഡ് ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ അപ്പം എത്തിക്കാറുള്ള മലപ്പുറം സ്വദേശി മിഗ്ദാദ് ഈ വിവരം അറിഞ്ഞു.കൊച്ചിയില്‍ എത്തിയാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാതെ സമ്മാനത്തുക മാറ്റിയെടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇതു വിശ്വസിച്ചാണ് സുശീല്‍ ലോട്ടറി ടിക്കറ്റുമായി കച്ചേരിപ്പടിയില്‍ എത്തിയത്. 

മിഗ്ദാദിനൊപ്പം സമദും അവിടെ എത്തിയിരുന്നു. ലോട്ടറി ടിക്കറ്റ് വാങ്ങിയ മിഗ്ദാദ് വൈകാതെ പണം ഏറ്റുമാനൂരിലെ ഹോട്ടലില്‍ എത്തിക്കാമെന്നു സമ്മതിച്ചു. എന്നാല്‍ പിറ്റേന്നു മുതല്‍ മിഗ്ദാദ് ഏറ്റുമാനൂരിലേക്കു വരാതായി. സംശയം തോന്നിയ സുശീല്‍ കൊച്ചിയിലെത്തി നോര്‍ത്ത് പൊലീസിനു പരാതി നല്‍കി.പൊലീസ് നടത്തിയ അന്വേഷണത്തില്‍ മിഗ്ദാദും സുഹൃത്ത് സമദും എടക്കരയിലെ ബാങ്കില്‍ സംയുക്ത അക്കൗണ്ട് തുടങ്ങിയെന്നും ലോട്ടറി അവിടെ ഏല്‍പ്പിച്ചെന്നും കണ്ടെത്തി.

ഇതിനിടെ പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞ ഇരുവരും മുങ്ങി. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം പോത്തുകല്ലു വെളുമ്പിയം പാടം കല്ലുവളപ്പില്‍ മിഗ്ദാദ് (39) പിന്നീട് കോടതിയില്‍ കീഴടങ്ങി. ഒരേ സീരിയല്‍ നമ്പറിലെ 12 ടിക്കറ്റുകളാണു സുശീല്‍ എടുത്തത്. ഇതില്‍ ശേഷിക്കുന്ന 11 ടിക്കറ്റും പൊലീസ് പ്രതിയുടെ പക്കല്‍ നിന്നും കണ്ടെത്തി. 2 ലക്ഷം രൂപയുടെ പ്രോത്സാഹന സമ്മാനങ്ങള്‍ മറ്റു ടിക്കറ്റുകളിലും സുശീലിന് അടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com