വിഷു ഉത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും ; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ്
By സമകാലിക മലയാളം ഡെസ്ക് | Published: 19th April 2019 07:35 AM |
Last Updated: 19th April 2019 07:35 AM | A+A A- |

ശബരിമല : വിഷു ഉത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീര്‍ഥാടന കാലം കഴിയും. കഴിഞ്ഞ വര്‍ഷത്തെ വിഷു സീസണ്‍ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. വിഷു ദിനത്തിലെ തിരക്ക് മാറ്റി നിര്‍ത്തിയാല്‍ വിഷു ഉത്സവത്തിന് നട തുറന്ന് ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷം ഭക്തര്‍ മാത്രമാണ് എത്തിയത്.
ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ ശബരിമല വിഷയം പ്രചാരണായുധമാക്കി തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുമ്പോഴും തീര്‍ത്ഥാടനകാലം ശാന്തമായാണ് പൂര്‍ത്തിയാവുന്നത്. സന്നിധാനത്ത് ഉണ്ടാകാറുള്ള നാമജപ പ്രതിഷേധം ഇത്തവണയുണ്ടായില്ല. യുവതികളെ തടയാനായി അയ്യപ്പ കര്‍മ്മസമിതി പ്രവര്‍ത്തകരും ഇത്തവണ ഉണ്ടായിരുന്നില്ല. പൊലീസുകാരുടെ എണ്ണവും കുറവായിരുന്നു.
യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥരെന്ന് സര്‍ക്കാര്‍ പറയുമ്പോഴും നിലയ്ക്കലും പമ്പയിലുമെല്ലാം പൊലീസ് പ്രായ പരിശോധന കര്‍ശനമായി നടത്തിയിരുന്നു. യുവതികളെത്തിയാല്‍ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കാനായിരുന്നു പൊലീസിന് ലഭിച്ച നിര്‍ദ്ദേശം. നേരത്തെ സ്ത്രീകളെ ശബരിമലയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയ നവോത്ഥാന കേരളം ശബരിമലയിലേക്കെന്ന കൂട്ടായ്മയും തല്‍ക്കാലം സ്ത്രീകളെ ശബരിമലയിലേക്കെത്തിക്കാനില്ലെന്ന തീരുമാനത്തിലാണ്.