അമിത് ഷാ ഇന്ന് കേരളത്തില്‍ ; പത്തനംതിട്ടയില്‍ റോഡ് ഷോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 07:03 AM  |  

Last Updated: 20th April 2019 07:03 AM  |   A+A-   |  

 

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുക.

നഗരം ചുറ്റി ജില്ലാ സ്‌റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും. 50,000 പേര്‍ റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്ടറിലെത്തുന്ന ബിജെപി അധ്യക്ഷന്‍ അവിടെ നിന്ന് കാറില്‍ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ എത്തും.

വൈകുന്നേരം ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. ശബരിമല വിഷയം അമിത് ഷാ വീണ്ടും പ്രചാരണായുധമാക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷാ 'ശബരിമല' വിഷയം പരാമര്‍ശിച്ചിരുന്നു. 


അതിനിടെ ഇന്ന് വയനാട്ടില്‍ പ്രചാരണത്തിന് എത്തുമെന്ന് പറഞ്ഞിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദര്‍ശനം മാറ്റി. സ്മൃതി ഇറാനി നാളെ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് വേണ്ടി വോട്ടുതേടുമെന്നാണ് അറിയിച്ചിട്ടുള്ളത്.