കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥി;  ശബരിമലയില്‍ വിവാദപരാമര്‍ശവുമായി അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 05:58 PM  |  

Last Updated: 20th April 2019 06:05 PM  |   A+A-   |  

 

പത്തനംതിട്ട; തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ ശബരിമല പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെന്ന്‌
അമിത് ഷാ പറഞ്ഞു. റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്

കഴിഞ്ഞ ദിവസം തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴും ശബരിമല വിഷയം പ്രസംഗത്തില്‍ മുഖ്യവിഷയമായിരുന്നു. ശബരിമല യുവതി പ്രവേശനത്തിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ മറവില്‍ ഭക്തര്‍ക്കെതിരെ കേരളത്തിലെ സര്‍ക്കാര്‍ അക്രമം അഴിച്ചുവിട്ടു. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിനൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും നിയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 30,000 അയ്യപ്പ ഭക്തര്‍ക്കെതിരെ 2000 കേസുകളാണ് ഇടതുസര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി   ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ലക്ഷ്യംവച്ചാണ് സര്‍ക്കാര്‍ നീങ്ങിയത്. വിശ്വാസം സംരക്ഷിക്കാന്‍ ബിജെപി അയ്യപ്പ ഭക്തര്‍ക്കൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാഗ്ദാനം.

പത്തനംതിട്ടയില്‍ അമിത് ഷായുടെ റോഡ് ഷോയില്‍ കനത്ത മഴയത്തും ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. മഴ ശക്തമായ സാഹചര്യത്തില്‍ കെ സുരേന്ദ്രന്റെ റോഡ് ഷോയ്ക്ക് പിന്നാലെ നടത്താനിരുന്ന അമിത് ഷായുടെ പൊതുയോഗം വെട്ടിച്ചുരുക്കി. തുടര്‍ന്ന് ആലപ്പുഴയിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്ററില്‍ അമിത് ഷാ ആലപ്പുഴയ്ക്ക് തിരിച്ചു.

വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ കനത്തമഴയിലും വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് റോഡ് ഷോയില്‍ അണിനിരന്നത്. അമിത് ഷായ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥിയെ കുടാതെ ബിജെപി സംസ്ഥാനപ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജും വാഹനത്തില്‍ ഉണ്ടായിരുന്നു. നഗരം ചുറ്റി ജില്ലാ സ്‌റ്റേഡിയത്തിലെത്തുന്ന റോഡ് ഷോയ്ക്ക് പിന്നാലെ പൊതുസമ്മേളനത്തിലും അമിത് ഷാ സംസാരിക്കുമെന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചിരുന്നത്.