കോണ്‍ഗ്രസിന് തിരിച്ചടി; ഒളിക്യാമറ വിവാദത്തില്‍ രാഘവന് എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th April 2019 05:26 PM  |  

Last Updated: 20th April 2019 05:26 PM  |   A+A-   |  

 

തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് എതിരെ കേസെടുക്കാന്‍ പൊലീസിന് നിയമോപദേശം ലഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സംസ്ഥാന പൊലീസ് മേധവിക്ക് നിയമോപദേശം നല്‍കി.  ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കാമെന്നാണ് നിയമോപദേശം. 

വിശദമായ അന്വേഷണങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. കേസെടുത്താല്‍ മാത്രമേ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളുവെന്നും നിയമോപദേശത്തില്‍ പറയുന്നു. 

രാഘവന് എതിരെയുള്ള ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരുതിയില്‍ വരുന്നതാണെന്നുമ നിയമോപദേശത്തില്‍ പറയുന്നു. 

രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവി നിയമോപദേശം തേടിയത്. ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് കണ്ണൂര്‍ റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണമെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം വിവാദത്തിന് പിന്നില്‍ സിപിഎം ഗൂഢാലോചനയാണ് എന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊലീസ് തള്ളി. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ര്‍ദ്ദേശപ്രകാരമാണ് പൊലീസ് നടപടി. കമ്മീഷന് നല്‍കിയ പരാതികള്‍ കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു.