കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാന്‍ കേന്ദ്രമന്ത്രി എത്തി; ഞെട്ടി എന്‍ഡിഎ മുന്നണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 05:50 AM  |  

Last Updated: 20th April 2019 05:50 AM  |   A+A-   |  

athevala

 

കോഴിക്കോട്; കോഴിക്കോട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നുസ്രത്ത് ജഹാന് വോട്ട് ചോദിച്ച് കേന്ദ്രമന്ത്രി എത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒഫ് ഇന്ത്യ ( എ) നേതാവ് രാംദാസ് അത്തേവാലയാണ് സ്വതന്ത്രയുടെ പ്രചാരണത്തിനായി രംഗത്ത് ഇറങ്ങിയത്. വാര്‍ത്ത സമ്മേളനം വിളിച്ചാണ് നുസ്രത്തിനെ ജയിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വരവും സ്വതന്ത്രയ്ക്കുള്ള പിന്തുണയും എന്‍ഡിഎ മുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ്. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്ലാ പിന്തുണയും നുസ്രത്ത് ജഹാന് ഉണ്ടാകുമെന്ന് അത്തേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രചരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ എതിരാളിക്ക് പിന്തുണയുമായി മന്ത്രി എത്തിയത് എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം പറഞ്ഞാണ് കേന്ദ്രമന്ത്രി വോട്ടഭ്യര്‍ത്ഥിച്ചത്. കേരളത്തിലെ ബിജെപി നേതൃത്വവുമായി സീറ്റിന് വേണ്ടി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നും അതിനാലാണ് നുസ്രത്ത് ജഹാന് പിന്തുണ നല്‍കുന്നതെന്നും അത്തേവാല പറഞ്ഞു. 

അതേസമയം, തന്റെ കഴിവ് കണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നു എന്നാണ് നുസ്രത്ത് ജഹാന്റെ വിശദീകരണം. 17 വര്‍ഷമായി തനിക്ക് അത്തേവാലയെ പരിചയമുണ്ട്. മത്സരത്തിന് നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ എം.പിയും യു.ഡിഎഫിന്റെ അഖിലേന്ത്യ നേതാക്കളും തന്നെ വിളിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്‌തെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ പിന്മാറില്ലെന്നും കൂടെ ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നുമാണ് നുസ്രത്തിന്റെ അവകാശവാദം.