ജോലിയില്ല, ജീവിക്കണമെങ്കില്‍ ജയിലില്‍ പോയെ പറ്റു: വയോധികന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 20th April 2019 08:14 PM  |  

Last Updated: 20th April 2019 08:14 PM  |   A+A-   |  

 

കോഴിക്കോട്: കോഴിക്കോട് കമ്മീഷണര്‍ ഓഫിസിന് മുന്‍പില്‍ വയോധികന്‍ കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വളയം സ്വദേശി പ്രബിന്‍ ദാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്നുള്ള അസ്വസ്ഥതയെത്തുടര്‍ന്നാണ് താന്‍ കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

പ്രബിന്‍ ദാസിന് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറയുന്നു. താനൊരാളെ കുത്തിയെന്ന് പ്രബിന്‍ദാസ് തന്നെയാണ് സ്‌റ്റേഷനിലെത്തി പറഞ്ഞത്. പൊലീസുകാര്‍ റോഡിലിറങ്ങി നോക്കിയപ്പോള്‍ കഴുത്തില്‍ കുത്തുകൊണ്ട് ഒരാള്‍ വരുന്നതാണ് കണ്ടത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ജയിലില്‍ പോകാനായി കൊലപെടുത്തിയെന്ന് പ്രബിന്‍ പൊലിസുകാരോട് പറഞ്ഞതായാണ് വിവരം.

തമിഴ്‌നാട് സ്വദേശിയായ നാടോടി വൃദ്ധനെയാണ് പ്രതി പട്ടാപ്പകല്‍ കുത്തിക്കൊന്നത്. പ്ലസ് ടു വരെ പഠിച്ച പ്രബിന്‍ ദാസ് ജോലിയൊന്നും ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് മുന്‍പ് രണ്ട് തവണ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച തമിഴ്‌നാട് സ്വദേശിയുടെ പേരും മറ്റ് വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.