തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 12:36 AM  |  

Last Updated: 20th April 2019 12:36 AM  |   A+A-   |  

Thushar_Vellappally

 

വയനാട്; വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പൂങ്ങോട് വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അഞ്ച് ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ലീഗ്- എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് തുഷാര്‍ പറയുന്നത്. 

കാളിക്കാവ് പൂങ്ങോടുവെച്ചും തുഷാറിന്റെ റോഡ് ഷോയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അതിന് പിന്നാലെ വൈകിട്ടോടെയാണ് വീണ്ടും ആക്രമണമുണ്ടായത്. വണ്ടൂരിന് സമീപം ചോക്കാടും തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ എ പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വണ്ടി തടഞ്ഞെന്നാണ് എന്‍ഡിഎ ആരോപണം. ഇതു ചൂണ്ടിക്കാട്ടി എന്‍ഡിഎ നേതൃത്വം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങവെയാണ് പൂങ്ങോട് വെച്ച് വീണ്ടും ആക്രമണമുണ്ടായത്.

എന്നാല്‍ വാഹനം തടഞ്ഞുവെന്ന ആരോപണം യുഡിഎഫ് തള്ളി. യുഡിഎഫിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ എഐസിസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിന്റെ വാഹനമാണെന്ന് കരുതി നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത് എന്നാണ് അവര്‍ പറയുന്നത്. സ്ഥലത്ത് സംഘര്‍ഷമോ അക്രമമോ ഉണ്ടായില്ലെന്നും വാക്ക് തര്‍ക്കം മാത്രമേ നടന്നുള്ളൂവെന്നുമാണ് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.