നാളെ കൊട്ടിക്കലാശം; കേരളം ബൂത്തിലെത്താന്‍ രണ്ട് നാള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 05:49 AM  |  

Last Updated: 20th April 2019 05:49 AM  |   A+A-   |  

election

 

തിരുവനന്തപുരം; കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരത്തിന് അന്ത്യമാകും. വോട്ടെടുപ്പിന് രണ്ട് നാള്‍ കൂടിയാണ് അവശേഷിക്കുന്നത്. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. 

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തി ശബരിമല വിഷയം ആവര്‍ത്തിച്ചതോടെ അവസാന ഘട്ടത്തില്‍ ചൂടേറിയ വിഷയമായി മാറി ശബരിമല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോദിയ്ക്ക് മറുപടിയുമായി എത്തിയതോടെയാണ് ശബരിമല വിഷയം കൊഴുത്തത്. ദൈവത്തിന്റെ പേരില്‍ സംസാരിച്ചവര്‍ക്കെതിരേ കേസ് എടുക്കുന്നു എന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ മോദി കേരളത്തെക്കുറിച്ച് പറയുന്നത് വസ്തുത വിരുദ്ധവും സത്യവിരുദ്ധവുമാണെന്ന് പിണറായി തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ രംഗത്തെത്തി. 

യുഡിഎഫ് ക്യാംപിനു കൂടുതല്‍ ആവേശം നല്‍കി പ്രിയങ്ക ഗാന്ധി ഇന്നു വയനാട്ടിലെത്തും. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളിയായ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും വയനാട്ടില്‍ എത്തുന്നുണ്ട്. അതിനാല്‍ രണ്ടു ദിവസത്തെ രാജ്യത്തിന്റെ ശ്രദ്ധ കേന്ദ്രമായിരിക്കും രാഹുല്‍ ഗാന്ധിയുടെ മണ്ഡലം. 

ഇരു മുന്നണികളും വളരെ പ്രതീക്ഷയിലാണ്. രാഹുലിന്റെ പൊതുയോഗങ്ങളിലെ ജനപങ്കാളിത്തം യുഡിഎഫിനു വന്‍ ആത്മവിശ്വാസമാണു നല്‍കിയിരിക്കുന്നത്. വര്‍ഗീയതക്കെതിരായ ശക്തമായ നിലപാട് ഇടതുപക്ഷത്തിന് ഗുണകരമാകും. ബിജെപിയും ഏറെ പ്രതീക്ഷയിലാണ്. തിരുവനന്തപുരമാണ് ഏറ്റവും പ്രതീക്ഷയോടെ കാണുന്ന മണ്ഡലം. ബിജെപിയുടെ വോട്ടു വിഹിതം ഉയര്‍ന്നാല്‍ അത് ഇരു മുന്നണിയ്ക്കും നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.