നേരിയ ഭൂരിപക്ഷത്തിന് ശശി തരൂര്‍ ; കുമ്മനം മൂന്നാമത് ; സര്‍വേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 09:23 AM  |  

Last Updated: 20th April 2019 09:23 AM  |   A+A-   |  


തിരുവനന്തപുരം : തിരുവനന്തപുരത്ത് പോരാട്ടം കനക്കുന്നു. അവസാനം പുറത്തിറങ്ങിയ എഡ്യുപ്രസിന്റെ സര്‍വേ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയിക്കുമെന്നാണ് പ്രവചനം. 33 ശതമാനം വോട്ട് തരൂര്‍ നേടുമെന്നും സര്‍വേ പറയുന്നു. 32 ശതമാനം വോട്ടു നേടി ഇടതു സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ രണ്ടാം സ്ഥാനത്തെത്തുമ്പോള്‍, എന്‍ഡിഎ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

എല്‍ഡിഎഫിന് 32 ശതമാനം വോട്ടുലഭിക്കുമെന്നാണ് എഡ്യുപ്രസ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎഫിന് 31 ശതമാനം വോട്ടു ലഭിക്കുമെന്നും സര്‍വേ പറയുന്നു. ഏപ്രില്‍ 1, 17 തീയതികളിലാണ് എഡ്യുപ്രസ് ജനഹിതം തേടി സര്‍വേ നടത്തിയത്. 2588 പേരില്‍ നിന്നാണ് വിവരം ശേഖരിച്ചതെന്നും എഡ്യുപ്രസ് വ്യക്തമാക്കി. 

അതേസമയം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ച് ഇന്നലെ പുറത്തുവിട്ട സര്‍വേ അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. 35 ശതമാനം വോട്ടുനേടി ദിവാകരന്‍ വിജയിക്കുമെന്നായിരുന്നു പ്രവചനം. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 32 ശതമാനം വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തുമെന്നും, 31 ശതമാനം വോട്ടുനേടുന്ന ശശി തരൂര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നായിരുന്നു ഐഎംഡിആറിന്റെ പ്രവചനം. ഏഴ് അസംബ്ലി മണ്ഡലങ്ങളിലെ 1200 വോട്ടര്‍മാരില്‍ നിന്നായിരുന്നു ഐഎംഡിആര്‍ വിവരം ശേഖരിച്ചത്.