മൂന്നു വയസ്സുകാരന്റെ മരണം : അച്ഛനും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 12:34 PM  |  

Last Updated: 20th April 2019 12:34 PM  |   A+A-   |  

 

കൊച്ചി : ആലുവയില്‍ മൂന്നു വയസ്സുകാരന്‍ അമ്മയുടെ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അറസ്റ്റില്‍. മര്‍ദന വിവരം മറച്ചുവെച്ചു, തെളിവ് നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അച്ഛനെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാള്‍ രണ്ടുദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു. 

കേസില്‍ കുട്ടിയുടെ അമ്മയായ ജാര്‍ഖണ്ഡ് സ്വദേശിനിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമര്‍ദനത്തിന് ഇരയായ കുട്ടി ഇന്നലെ രാവിലെയാണ് മരിച്ചത്. കുട്ടിയുടെ മറ്റ് ബന്ധുക്കളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.അമ്മയുടെയും അച്ഛന്റെയും നാടായ ജാര്‍ഖണ്ഡിലേക്കും ബംഗാളിലേക്കും പ്രത്യേക പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

സംസ്‌കരിക്കുന്നതിന് മുന്‍പ് കുട്ടിയുടെ അമ്മയെ അവസാനമായി മൃതദേഹം കാണിച്ചു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അറസ്റ്റ് ചെയ്തപ്പോഴും, തെളിവെടുപ്പിനായി ഏലൂരില്‍ എത്തിച്ചപ്പോഴും, കുട്ടിയുടെ മരണവിവരം അറിയിച്ചപ്പോഴും നിര്‍വികാരയായാണ് അമ്മ പെരുമാറിയത്.

ഇതോടെ ഇവര്‍ തന്നെയാണോ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. നിയമപരമായി വിവാഹം കഴിച്ചതാണോ എന്നതടക്കം ഇരുവരുടെയും പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. വേണമെങ്കില്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികളിലേക്കും അന്വേഷണസംഘം കടന്നേക്കും.