വേനല്‍മഴ ബുധനാഴ്ച വരെ ; പാലക്കാട് യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 12:17 PM  |  

Last Updated: 20th April 2019 12:17 PM  |   A+A-   |  

 

തിരുവനന്തപുരം: കടുത്ത ചൂടിന് ശമനം നല്‍കി സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. രണ്ട് ദിവസമായി തുടരുന്ന മഴ അടുത്ത ബുധനാഴ്ച വരെ തുടര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 

ഇടിയോട് കൂടിയ ശക്തമായ മഴ ചില ജില്ലകളിലും മറ്റിടങ്ങളില്‍ ശക്തിയേറിയ കാറ്റും സാധാരണ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. അതിശക്തായ മഴ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലേക്ക് രാത്രി യാത്രകള്‍ ഒഴിവാക്കുന്നത് നന്നാവുമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ രാത്രി എട്ടുമണി വരെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടിവെട്ടുമ്പോള്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കരുതെന്നും ഫോണുപയോഗം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം കുട്ടികളെ തുറസ്സായ സ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കേണ്ടെന്നും ദുരന്ത നിവാരണ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. 

ഇടിമിന്നല്‍ ഉള്ള സമയങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗിച്ചുള്ള
തെരഞ്ഞെടുപ്പ് പ്രചാരണം ഒഴിവാക്കണമെന്ന്  രാഷ്ട്രീയക്കാര്‍ക്കും മുന്നറിയിപ്പുണ്ട്. ഇന്നലെ തൃശ്ശൂര്‍ ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം മഴ(8 സെന്റീ മീറ്റര്‍) പെയ്തത്. അങ്ങാടിപ്പുറത്ത് രണ്ട് സെന്റീമീറ്റര്‍ മാത്രമാണ് മഴ പെയ്തത്.

സാധാരണഗതിയില്‍ ഏപ്രില്‍ പകുതിയോടെ വേനല്‍ മഴ എത്താറുണ്ടെങ്കിലും ഇത്തവണ വലിയ കുറവാണ് ഉണ്ടായത്. മാര്‍ച്ച് ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം 71 ശതമാനമാണ് സംസ്ഥാനത്തുണ്ടായ കുറവെന്നാണ് വകുപ്പിന്റെ റിപ്പോര്‍ട്ട്. 85.1 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ടിയിരുന്നതിന് പകരം ഇക്കുറി വെറും 24.8 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്.