സംസ്ഥാനത്ത് 5,886 പോളിങ് സ്റ്റേഷനുകൾ പ്രശ്നബാധിതം ; അതീവ ഗുരുതര ബൂത്തുകൾ 425,  മൂന്ന് മണ്ഡലങ്ങളിൽ 2 ബാലറ്റ് യൂണിറ്റുകൾ വീതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2019 02:01 PM  |  

Last Updated: 20th April 2019 02:01 PM  |   A+A-   |  

 

തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 5,886 പോളിങ് സ്റ്റേഷനുകൾ പ്രശ്നബാധിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തൽ. 425 അതീവഗുരുതര സ്വഭാവ ബൂത്തുകളും 817 ബൂത്തുകൾ ഗുരുതര പ്രശ്നബാധിതവുമാണ്. 4,482 എണ്ണം പ്രശ്നബാധിതമായി കണക്കാക്കിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി തീവ്ര–ഇടതു സംഘങ്ങളുടെ ഭീഷണിയുള്ള 162 ബൂത്തുകളുമുണ്ട്.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഒരു ബാലറ്റ് യൂണിറ്റിൽ 16 സ്ഥാനാർഥികളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ ഇതിലേറെ പേർ മത്സരിക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ 2 ബാലറ്റ് യൂണിറ്റുകളുണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പു ഓഫിസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി വോട്ടിങ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി. 140 നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങൾ 22 ന് രാവിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറും. ഉച്ചയോടെ യന്ത്രങ്ങളുമായി പോളിങ് ബൂത്തുകളിലെത്തുന്ന ഉദ്യോഗസ്ഥർ അന്നു തന്നെ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കും. 23 ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടിങ് സമയം.