നേതൃത്വം പറഞ്ഞത് എന്‍ഡിഎയുടെ തോല്‍വി ഉറപ്പാക്കാന്‍: യുഡിഎഫിനെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിആര്‍ നീലകണ്ഠന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നുവെന്ന് സിആര്‍ നീലകണഠന്‍.
നേതൃത്വം പറഞ്ഞത് എന്‍ഡിഎയുടെ തോല്‍വി ഉറപ്പാക്കാന്‍: യുഡിഎഫിനെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിആര്‍ നീലകണ്ഠന്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ നടപടി അംഗീകരിക്കുന്നുവെന്ന് എഎപി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണഠന്‍. യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. സംസ്ഥാന നേതൃത്വത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം എന്‍ഡിഎയെ തോല്‍പ്പിക്കുന്ന തരത്തില്‍ നിലപാട് സ്വീകരിക്കാനാണ്. അതനുസരിച്ചാണ് ഓരോ ജില്ലയിലെയും അതത് മണ്ഡലങ്ങളിലെ നിലപാട് പ്രഖ്യാപിച്ചതെന്ന് നീലകണ്ഠന്‍ പറഞ്ഞു. 

കേന്ദ്രനേൃത്വത്തോട് ഇതാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഓരോ മണ്ഡലത്തിലും ആരെയാണ് പിന്താങ്ങുന്നത് എന്ന് അറിയിച്ചിരുന്നില്ല. അത് അറിയിക്കേണ്ട കാര്യമില്ല. കാരണം എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണം എന്നായിരുന്നു നിര്‍ദേശം. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കണം എന്ന് നിര്‍ദേശം നല്‍കിയിരുന്നില്ല.  എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഏകപക്ഷീയമായി പിന്തുണയ്ക്കണമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് പറഞ്ഞത്. 

എല്‍ഡിഎഫിനെ പിന്തുണയ്ക്കണം എന്ന് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്മില്ലായിരുന്നു. നമുക്കതിനനുസരിച്ച് നിലപാടെടുക്കാം. തെരഞ്ഞെടുപ്പ് നാളെയാണ്. തീരുമാനം എടുത്തേപറ്റു. ഇക്കാര്യത്തില്‍ ഏത് നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചാലും അതാണ് ഞങ്ങളുടെയും നിലപാട്. സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കുന്നു. പാര്‍ട്ടിയില്‍ തുടരുന്നതുമായി ഇതിന് ബന്ധമില്ല. പാര്‍ട്ടിയുടെ രാഷ്ട്രീയവുമായി നമുക്ക് യോജിപ്പുണ്ടെങ്കില്‍ തുടര്‍ന്നേപറ്റു- അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ പതിമൂന്നിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കും എന്നായിരുന്നു നേരത്തെ നീലകണ്ഠന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേന്ദ്രനേതൃത്വം ഇരുപത് മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. ആംആദ്മി നേതാക്കള്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പകരം കണ്‍വീനറുടെ ചുമതല പിടി തുഹൈലിന് നല്‍കി.

കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ഘടകത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് പിന്തുണ പഖ്യാപിച്ചതെന്നും എങ്ങനെയെന്ന് ഈ തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനുമായിരുന്നു ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. സിപിഎം നേതാക്കളും ആംആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com