ആ പ്രസംഗം സ്ത്രീ വിരുദ്ധമല്ല ; വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം 

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സാണ് നിയമോപദേശം നല്‍കിയത്
ആ പ്രസംഗം സ്ത്രീ വിരുദ്ധമല്ല ; വിജയരാഘവനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം 

തിരുവനന്തപുരം : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സാണ് നിയമോപദേശം നല്‍കിയത്. വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്നും, കേസ് എടുക്കേണ്ടെന്നുമാണ് ഡിജിപി നല്‍കിയ ഉപദേശം. മലപ്പുറം എസ്പിക്കാണ് ഡിജിപി നിയമോപദേശം കൈമാറിയത്. 

പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും ഡിജിപി അഡ്വ. മഞ്ചേരി ശ്രീധരൻ നായർ വിലയിരുത്തി. മലപ്പുറം എസ് പി റിപ്പോർട്ട് തൃശൂർ റേഞ്ച് ഐജിക്ക് കൈമാറി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.  ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് വിജയരാഘവനെതിരെ പരാതി നല്‍കിയത്.

ഡിജിപിയുടെ നിയമോപദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സംഭവത്തില്‍ വിജയരാഘവനെ വെറുതെ വിടില്ല. നിയമപരമായി നേരിടും. വിഷയത്തില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊന്നാനിയില്‍ ഇടതുസ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അധിക്ഷേപിച്ച് സംസാരിച്ചത്. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com