ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്; വാരിപ്പുണര്‍ന്ന് ഉമ്മകൊടുക്കാന്‍ തോന്നുമെന്ന് സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 11:37 AM  |  

Last Updated: 21st April 2019 11:37 AM  |   A+A-   |  

sureshgopisree_1902

 

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തൊടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്‌നേഹം നിറഞ്ഞ പ്രവൃത്തി എന്ന് പലരും അതിനെ വാഴ്ത്തിയപ്പോള്‍ ചിലകോണുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നു.എന്നാല്‍ ഗര്‍ഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്നും അതിന്റെ പിന്നിലെ കാരണവും വ്യക്തമാക്കുകയാണ് സുരേഷ് ഗോപി.

'ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എനിക്ക് ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരിപ്പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോ..'സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ ജനം ഭീകരമായ സ്‌നേഹമാണ് തനിക്ക് തന്നത്. മത്സരത്തില്‍ അളന്നുമുറിച്ച് തെരഞ്ഞടുക്കുമ്പോള്‍ തൃശൂരില്‍ വിജയം സുനിശ്ചിതമാണെന്നും സുരേഷ് ഗോപി പറഞ്ഞു.