വര്‍ഗീയ ധ്രുവികരണത്തിന് ശ്രമം; വംശഹത്യയുടെ നേതാക്കള്‍ കേരളത്തിലെത്തി റോഡ് ഷോ നടത്തി; പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 12:47 PM  |  

Last Updated: 21st April 2019 06:30 PM  |   A+A-   |  

pinarayisdfdsf

 

കണ്ണൂര്‍: താത്കാലിക നേട്ടത്തിനായി ബിജെപി മതനിരപേക്ഷമൂല്യങ്ങള്‍ തകര്‍ത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞടുപ്പ് പ്രചാരണങ്ങളില്‍ വര്‍ഗീയ ധ്രുവീകരണശ്രമം നടന്നതായും പിണറായി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഉത്തരേന്ത്യയിലെ വംശഹത്യയുടെ നേതാക്കള്‍ കേരളത്തില്‍ റോഡ് ഷോ നടത്തിയത്. കണ്ണൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഒരു പ്രത്യേക സംസ്‌കാരം രാജ്യത്ത് ഉയര്‍ത്താന്‍ ചില ശക്തികള്‍ ശ്രമിക്കുമ്പോള്‍ അത് കേരളത്തിലും നടക്കുന്നുണ്ട്. അതിന്റെ ഭാഗാമാണ് ചില സര്‍വെ റിപ്പോര്‍ട്ടുകളും വാര്‍ത്താ നിരൂപണങ്ങളുമെന്ന് നാം  സ്വയം തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കില്‍ അങ്ങേയറ്റം ആപത്കരമാകും സംഭവിക്കുക. അത് ഉണ്ടാക്കരുതെന്നാണ്  കാലം ആവശ്യപ്പെടുന്നതെന്നും പിണറായി പറഞ്ഞു. തെറ്റായ കാര്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ നമ്മള്‍ തന്നെ നമ്മുടെ ശവക്കുഴി തോണ്ടുന്ന അവസ്ഥയിലാകും. അവര്‍ക്ക് വിഹരിക്കാന്‍ സൗകര്യം കൊടുത്താല്‍ നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യമായിരിക്കും തകരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

വിവിധ മണ്ഡലങ്ങളിലെ പ്രചാരണം പരിശോധിച്ചാല്‍ പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യുഡിഎഫും ബിജെപിയും ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന നിലയാണുള്ളത്. അത് കേരളം നേരത്തെ കണ്ടതാണ്. കേരളത്തില്‍ എത്തിയപ്പോള്‍ അമിത് ഷാ ബിജെപിയുടെ പച്ചക്കൊടിയെ പറ്റി പറയുകയുണ്ടായി. ലീഗിന് അക്കാലത്തും അതേ പച്ചക്കൊടിയാണുണ്ടായിരുന്നതെന്ന് നാം ഓര്‍ക്കണം. ദശാബ്ദങ്ങള്‍ക്ക് ശേഷം നിയമസഭയില്‍ അക്കൗണ്ട് തുറക്കാനായത് കോണ്‍ഗ്രസിന്റെ  സഹായത്തോടെയാണെന്ന് അന്നത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

പ്രചാരണഘട്ടത്തില്‍ കോണ്‍ഗ്രസും യുഡിഎഫും മാനിഫെസ്റ്റോയില്‍ പറഞ്ഞകാര്യങ്ങള്‍ പ്രചരിപ്പിക്കാനാണോ അതോ സര്‍ക്കാരിനെ പറ്റി അവമതിപ്പുണ്ടാക്കുന്നതിനാണോ ശ്രമിച്ചതെന്ന് നാട്ടുകാര്‍ കണ്ടതാണ്.
ജനങ്ങള്‍ സ്വീകരിക്കത്തക്ക കാര്യങ്ങള്‍ പറയാനില്ലാത്തത് കൊണ്ട് പ്രളയദുരിതത്തെ പറ്റി തെറ്റായി പ്രചരിപ്പിക്കുന്നു. കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്ന വസ്തുത പറയാന്‍ അവര്‍ തയ്യാറായില്ല. കേരളത്തിലുള്ള  കക്ഷികള്‍ എന്ന നിലയ്ക്ക് യുഡിഎഫ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞടുപ്പിന് ശേഷമുളള പൊതുസാഹചര്യം വെച്ചാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപികരിക്കുക.  ബിജെപി പരാജയപ്പെടുമെന്നത് ഉറപ്പാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയായിട്ടില്ലെന്നത് കോണ്‍ഗ്രസ് ഓര്‍ക്കേണ്ടതുണ്ട്. തെരഞ്ഞടുപ്പിന് ശേഷമുള്ള ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെ യോജിപ്പ്, അതിന്റെ ഭാഗമായി സര്‍ക്കാര്‍ എങ്ങനെ വേണമെന്നത് ആ ചര്‍ച്ചയിലാകും ഉണ്ടാകുകയെന്നും പിണറായി വ്യക്തമാക്കി.