'സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം'; ശ്രീധരന്‍പിള്ള രണ്ടുതവണ മാപ്പുചോദിച്ചു, പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നു: ടിക്കാറാം മീണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 12:06 PM  |  

Last Updated: 21st April 2019 12:06 PM  |   A+A-   |  

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ രൂക്ഷമായി വിമര്‍ശിച്ച്  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ പറഞ്ഞു.

എന്നാല്‍ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പതിവ്. ശ്രീധരന്‍പിള്ളയുടേത് ഇരട്ടത്താപ്പാണ്. ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

'എന്തെങ്കിലും പറഞ്ഞിട്ട്  'സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ' ടിക്കാറാം മീണ ഏഷ്യനെറ്റ് ന്യൂസിന്റെ പരിപാടിയില്‍ പറഞ്ഞു.

കമ്മീഷനെ അനാവശ്യമായി വിമര്‍ശിക്കുന്നത് തെറ്റാണ്. ഇത് നിരുത്തരവാദപരമായ നടപടിയാണ്. ചട്ട ലംഘനങ്ങളെപ്പറ്റി ഇത്തവണ കൂടുതല്‍ പരാതികള്‍ ലഭിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയക്കാര്‍ മനസ്സിലാക്കിയതിന്റെ തെറ്റാണെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.