ഇന്ന് കൊട്ടിക്കലാശം; വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2019 05:47 AM |
Last Updated: 21st April 2019 05:47 AM | A+A A- |

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പില്‍. ഇന്ന് വൈകിട്ടോടെ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും. അവസാന മണിക്കൂറുകള്‍ ആവേശമാക്കുകയാണ് പ്രവര്‍ത്തകര്‍. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് പരസ്യ പ്രചാരണത്തിന് കൊട്ടികക്കലാശമാകുക. തിങ്കളാഴ്ച നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ്. ചൊവ്വാഴ്ച കേരളം പോളിങ് ബൂത്തിലേക്കെത്തും.
2,61,51,534 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. ഇതില്‍ 1,34,66,521 സ്ത്രീകളും 1,26,84,839 പുരുഷന്മാരും 174 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88 ആയിരം കന്നിവോട്ടര്‍മാരാണ്. മലപ്പുറത്താണ് കൂടുതല്‍ വോട്ടര്‍മാരുള്ളത്. വയനാടാണ് കുറവ് വോട്ടര്‍മാരുള്ളത്. 24, 970 പോളിംഗ് ബൂത്തുകളില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കണ്‍ട്രോള്‍ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സജ്ജീകരിക്കും.
57 കമ്പനി കേന്ദ്രസേനയെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമുകള്‍ക്ക് 12 കമ്പനി സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ്ബൂത്തുകളില്‍ വിവിപാറ്റ് എണ്ണും. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയില്‍ 31 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉത്പന്നങ്ങളും മൂന്നു കോടിയുടെ സ്വര്‍ണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോളിങ് നടക്കും.