കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചത് വിസ്മയകരമായ പിന്തുണ; പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നിട്ടില്ലെന്ന് പ്രേമചന്ദ്രന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് തന്നെയും കോണ്‍ഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍
കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചത് വിസ്മയകരമായ പിന്തുണ; പ്രചാരണത്തില്‍ നിന്നും വിട്ടുനിന്നിട്ടില്ലെന്ന് പ്രേമചന്ദ്രന്‍

കൊല്ലം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് തന്നെയും കോണ്‍ഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. കൊല്ലം മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുകാരെ ആരെയും കാണാനില്ല എന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. പത്രസമ്മേളനം നടത്തിയാണ് 
അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. താന്‍ അഭിമാനപൂര്‍വ്വം പറയാന്‍ ആഗ്രഹിക്കുന്നു. ദേശീയ നേതാക്കള്‍ മുതല്‍ ബൂത്ത് തലം വരെയുളള നേതാക്കള്‍ അവരുടെ നേതാക്കന്മാരെക്കാള്‍ തന്നെ നെഞ്ചേറ്റുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലുടെ പറഞ്ഞു.

മണ്ഡലത്തില്‍ ഒരു പ്രവര്‍ത്തകന്‍ പോലും വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക്
ഒരു ഷാഡോ കമ്മിറ്റിയുണ്ട്. ആര്‍എസ്പിക്ക് ഒരു ഷാഡോ കമ്മിറ്റിയുണ്ട്.  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന ഒരു നേരിയ പരാതി പോലും ലഭിച്ചിട്ടില്ല. എണ്ണയിട്ട യന്ത്രം പോലെ ചടുലമായാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് കോണ്‍ഗ്രസിനെയും തന്നെയും തെറ്റിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

വിസ്മയകരമായ പിന്തുണയാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും തനിക്ക് ലഭിക്കുന്നത്. കേരളത്തിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് വിസ്മയകരമായ പിന്തുണയാണ് കോണ്‍ഗ്രസില്‍ നിന്നും തനിക്ക് ലഭിക്കുന്നതെന്ന് അഭിമാനപൂര്‍വം പറയാന്‍ സാധിക്കും. കോണ്‍ഗ്രസുകാര്‍ സ്വന്തം കൈയില്‍ നിന്നും പണമെടുത്താണ് ചുവരെഴുത്ത് നടത്തിയത്. കേന്ദ്രകമ്മിറ്റിയില്‍ നിന്നും നാമമാത്രമായ ഫണ്ടാണ് അനുവദിച്ചത്. ഇത്രയും ചെലവുകുറഞ്ഞ പ്രചാരണം കൊല്ലത്തിന്റെ ചരിത്രത്തിലുണ്ടാവില്ല. സിപിഎം ഇത് കണ്ടുപഠിയ്ക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com