വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 07:33 AM  |  

Last Updated: 21st April 2019 07:33 AM  |   A+A-   |  

 

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ പി വി വസന്തകുമാറിന്റെ  കുടുംബത്തെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്റെ തൃക്കേപറ്റയിലെ  തറവാട്ട് വീട്ടില്‍ എത്തിയായിരിക്കും സന്ദര്‍ശനം. ഇന്നലെ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു തീരുമാനമെങ്കിലും കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ  മണ്ഡലത്തിലെ  തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായിപ്രത്യേക ചര്‍ച്ച നടത്തും. മണ്ഡലത്തിലുടനീളം സഞ്ചരിച്ച പ്രിയങ്കയ്ക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. 

രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ത്ഥിച്ച്  വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തിയ പ്രിയങ്ക പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഞാന്‍ എന്റെ സഹോദരനെ നിങ്ങളെ ഏല്‍പ്പിക്കുകയാണ്. നിങ്ങള്‍ രാഹുലിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മണിക്കൂറോളം വൈകിയാണ്  എത്തിയതെങ്കിലും പൊരിവെയിലിനെ അവഗണിച്ചും വന്‍ ജനക്കൂട്ടമാണ് പ്രിയങ്കയുടെ പ്രസംഗം കേള്‍ക്കാന്‍ ഓരോ കേന്ദ്രങ്ങളിലുമെത്തിയത്.