സംസ്ഥാനത്ത്  24,970 പോളിങ‌്‌ സ്‌റ്റേഷനുകൾ ; കന്നി വോട്ടർമാർ മൂന്നു ലക്ഷത്തോളം, മൂന്നിടത്ത് ഓക്‌സിലറി പോളിങ‌് ബൂത്തുകൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2019 09:06 AM  |  

Last Updated: 21st April 2019 09:09 AM  |   A+A-   |  

 

തിരുവനന്തപുരം : ലോക‌്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത്  24,970 പോളിങ‌്‌ സ്‌റ്റേഷനുകൾ ക്രമീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 23ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ‌്. രാവിലെ ആറിന് മോക് പോൾ നടക്കും. രാഷ്ട്രീയ പാർടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക് പോൾ നടത്തുക. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിങ‌് ബൂത്തുകളുണ്ട്.

പോളിങ‌് ജോലികൾക്ക് ഇക്കുറി 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ 1670 സെക്ടറൽ ഓഫീസർമാരും 33,710 പ്രിസൈഡിങ് ഓഫീസർമാരുമുണ്ട്. സംസ്ഥാനത്ത് ഇക്കുറി 2,61,51,534 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോ​ഗിക്കുക.  ഇതിൽ 1,34,66,521 പേർ സ്ത്രീകളാണ്. 1,26,84,839 പുരുഷൻമാർ. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. കന്നി വോട്ടർമാർ 2,88,191 പേർ. 

രണ്ട് ബ്രെയിൽ സാമ്പിൾ ബാലറ്റ് പേപ്പർ എല്ലാ ബൂത്തിലുമുണ്ടാകും. കാഴ‌്ചപരിമിതിയുള്ളവർക്ക‌ായാണിത‌്. സംസ്ഥാനത്ത‌് മൂന്ന‌് ലോക‌്സഭാ മണ്ഡലത്തിൽ രണ്ട‌് ബാലറ്റ‌് യൂണിറ്റ‌് വീതം ഉപയോഗിക്കും. നോട്ടയടക്കം 15ലേറെ സ്ഥാനാർഥികളുള്ള മണ്ഡലങ്ങളിലാണിത‌്. ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിലാണ‌് രണ്ട് ബാലറ്റ് യൂണിറ്റ‌്‌ വീതം ഉപയോഗിക്കുക. സംസ്ഥാനത്ത‌്  227 സ്ഥാനാർഥികളാണുള്ളത‌്.  23 വനിതകൾ. കണ്ണൂരിലാണ് വനിതാസ്ഥാനാർഥികൾ കൂടുതൽ, അഞ്ചുപേർ. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണുണ്ടാവുക.

സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതൽ  ബൂത്തുകൾ ഉള്ളത്, 2750 എണ്ണം. കുറവ് വയനാട്, 575 എണ്ണം. 867 മാതൃകാ ബൂത്തുകളുമുണ്ട‌്. 3621  ബൂത്തിൽ വെബ് കാസ്റ്റിങ‌്‌ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 35,193 വോട്ടിങ‌് മെഷീനാണുള്ളത്. 32,746 കൺട്രോൾ യൂണിറ്റും 44,427 ബാലറ്റ് യൂണിറ്റും.  219 ബൂത്തിൽ മാവോയിസ്റ്റ് പ്രശ്‌ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്ത‌് വയനാട്ടിലും 67 മലപ്പുറത്തുമാണ‌്. കണ്ണൂരിൽ 39ഉം കോഴിക്കോട്ട‌് 41 ബൂത്തുമുണ്ട്. ഇവിടെ കൂടുതൽ സൂരക്ഷ ഏർപ്പെടുത്തും.

സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. 257 സ്‌ട്രോങ‌് റൂമുകളാണുള്ളത്.  ഇവയ‌്ക്ക‌് 12 കമ്പനി സിആർപിഎഫ് സുരക്ഷ ഒരുക്കും. മൂന്നുനിര സുരക്ഷയാണ് ഒരുക്കുക. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തിൽ വിവി പാറ്റ് എണ്ണുമെന്നും ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം സംസ്ഥാനത്ത‌് വിവിധ  സ്‌ക്വാഡുകളുടെ പരിശോധനയിൽ 31 കോടിയുടെ സാധനങ്ങൾ പിടികൂടി. മൂന്നുകോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തു. 44 ലക്ഷംത്തിന്റെ  മദ്യവും 21 കോടിയുടെ ലഹരി ഉൽപന്നങ്ങളും കണ്ടെത്തിയെന്നും തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.