കല്ലട ഗ്രൂപ്പിന്റെ ഓഫീസില്‍ പരിശോധന; രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍, മാനേജരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd April 2019 02:57 PM  |  

Last Updated: 22nd April 2019 02:57 PM  |   A+A-   |  

 

കൊച്ചി: ബസ് യാത്രക്കാരെ വഴിമധ്യേ ആക്രമിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ഗ്രൂപ്പിന്റെ രണ്ട് ബസ് ജീവനക്കാര്‍ അറസ്റ്റില്‍.  ജയേഷ്,ജിതിന്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലട ഗ്രൂപ്പിന്റെ മാനേജര്‍ അടക്കം രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. തിരുവനന്തപുരം മാനേജരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. 

ഗ്രൂപ്പിന്റെ കൊച്ചി വൈറ്റിലയിലെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. യാത്രക്കാരെ മര്‍ദിച്ച സംഭത്തില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ ഐപിഎസ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. മര്‍ദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണില്‍ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണില്‍ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസില്‍ പ്രതി ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

സംഭവത്തില്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയും പറഞ്ഞു. ഗതാഗത കമ്മീഷണറോട് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്ന ബസ് സ്‌റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.