തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നന്ദി പൂര്‍വം ഓര്‍ക്കണമെന്ന് കതോലിക്കാ ബാവ; പള്ളിക്കുള്ളില്‍ രാഷ്ട്രീയം വേണ്ടെന്ന് വിശ്വാസികള്‍, കല്‍പ്പന  വായിക്കുന്നതില്‍ പ്രതിഷേധം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2019 08:07 AM  |  

Last Updated: 22nd April 2019 08:12 AM  |   A+A-   |  

 

കൊച്ചി: സഭയ്ക്കുള്ളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് വിശ്വാസികള്‍ സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാക്കോബായ സഭ മേലധ്യക്ഷന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവ പുറത്തിറക്കിയ കല്‍പ്പന മലങ്കര ഭദ്രാസനത്തിന് കീഴിലെ പല പള്ളികളിലും വായിച്ചില്ല. കോതമംഗലത്തും മൂവാറ്റുപുഴയിലുമുള്ള സഭകളിലെ വിശ്വാസികളാണ് രാഷ്ട്രീയം പള്ളിക്കുള്ളില്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് കൊണ്ടാണ് ബാവ കല്‍പ്പന നല്‍കിയിരുന്നത്. 

സഭ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണെന്നും ഈ കാലയളവില്‍ സര്‍ക്കാര്‍ നീതിപൂര്‍വം സഭയെ കരുതിയത് നന്ദിയോടെ സ്മരിക്കണം എന്നുമായിരുന്നു രണ്ട് പേജുള്ള കല്‍പ്പനയുടെ ഉള്ളടക്കം. സഭയ്ക്ക് തിരികെ സഹായിക്കാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍മ്മ വേണം. രാഷ്ട്രീയത്തിന് അതീതമായി സഭയ്ക്കായി എല്ലായിടത്തും നിലകൊള്ളാന്‍ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും കല്‍പ്പനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പള്ളിക്കമ്മിറ്റികളും വിശ്വാസികളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ഇടവക വികാരിമാര്‍ കല്‍പ്പന വായിക്കുന്നതില്‍ നിന്നും പലയിടങ്ങളിലും പിന്‍വലിഞ്ഞത്. എന്നാല്‍ ഇടുക്കിയിലെ ചില പള്ളികളില്‍ കല്‍പ്പന വായിക്കുന്നതിന് തടസ്സമുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂവാറ്റുപുഴയിലെ ചില പള്ളികളില്‍ ഇടുക്കി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തി.