കേരള തീരത്തും അതീവജാഗ്രത; നിരീക്ഷണം ശക്തമാക്കി വ്യോമ,നാവിക സേനകള്‍

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കേരള തീരത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു
കേരള തീരത്തും അതീവജാഗ്രത; നിരീക്ഷണം ശക്തമാക്കി വ്യോമ,നാവിക സേനകള്‍

കൊച്ചി: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ കേരള തീരത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്ത്യയിലേക്ക് തീവ്രവാദികള്‍ കടന്നേക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയത്. അതീവ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നയിപ്പ് നല്‍കി. തീരസംരക്ഷണ സേനയും വ്യേമസേനയും നിരീക്ഷണം ശക്തമാക്കി. കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. കൂടുല്‍ സേനാ കപ്പലുകളും ഡോണിയര്‍ നിരീക്ഷണ എയര്‍ക്രാഫ്റ്റുകളും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. 

ഭീകാരക്രമണത്തിന്റെ പശ്ചാതലത്തില്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് അര്‍ദ്ധരാത്രിമുതലാണ് അടിയന്തരാവസ്ഥ. പ്രസിഡന്റ് മൈത്രിപാലെ സിരിസേനെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

അതിനിടെ കൊളംബോയില്‍ ഇന്നും സ്‌ഫോടനം ഉണ്ടായി. പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന വാനിലെ സ്‌ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫോര്‍ട്ട് ഏരിയയില്‍ നിന്നും സംശയകരമായ പാര്‍സല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് സുരക്ഷാസേന ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തി.

ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് കൊളംബോ മെയിന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും 87 ബോംബ് ഡിറ്റണേറ്ററുകള്‍ പൊലീസ് കണ്ടെടുത്തു. പൊലീസ് വ്യാപക പരിശോധനകള്‍ തുടരുകയാണ്. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. 500 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള നാല് ജെഡിഎസ് പ്രാദേശിക നേതാക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി സ്ഥിരീകരിച്ചു. മൂന്നുപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കാസര്‍കോട് സ്വദേശിനി റസീലയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് 24 പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ക്ക് സഹായം നല്‍കിയവരാണ് അറസ്റ്റിലായത്. പ്രാദേശിക ഭീകരഗ്രൂപ്പായ തൗഹീദ് ജമാ അത്ത് ആണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. നാട്ടുകാരായ ഏഴുപേരാണ് ചാവേറുകളായതെന്നും മന്ത്രി രജിത സേനരത്‌നെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com