ഖേദം പ്രകടിപ്പിച്ച് കല്ലട; ജീവനക്കാരെ യാത്രക്കാർ ആക്രമിച്ചെന്നും ആരോപണം 

ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് പുറത്തിറക്കിയ വിശദീകരണക്കുറിപ്പലാണ് ഖേദപ്രകടനം
ഖേദം പ്രകടിപ്പിച്ച് കല്ലട; ജീവനക്കാരെ യാത്രക്കാർ ആക്രമിച്ചെന്നും ആരോപണം 

കൊച്ചി: ബസ് യാത്രക്കാരെ വഴിമധ്യേ ആക്രമിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് കല്ലട. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും അധിക‌ൃതർ അറിയിച്ചു. ജീവനക്കാര്‍ യാത്രക്കാരെ ആക്രമിച്ചെന്ന് സമ്മതിച്ച് പുറത്തിറക്കിയ വിശദീകരണക്കുറിപ്പലാണ് ഖേദപ്രകടനം. 

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ച ശേഷമാണ് സംഭവത്തെക്കിറിച്ച് അറിയുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ ജീവനക്കാരെ യാത്രക്കാർ ആക്രമിച്ചെന്നും കുറിപ്പിൽ പറയുന്നു. ഹരിപ്പാട് വച്ച് യുവാക്കള്‍ ജീവനക്കാരനെ ആക്രമിച്ചെന്നും കൊച്ചി ഓഫിസിലെ ജീവനക്കാരനു നേരെ കയ്യേറ്റം നടത്തിയെന്നുമാണ് കല്ലട ട്രാവൽസ് പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. 

സംഭവത്തിൽ സുരേഷ് കല്ലട ഗ്രൂപ്പിന്റെ രണ്ട് ബസ് ജീവനക്കാര്‍ അറസ്റ്റിലായി.  ജയേഷ്, ജിതിന്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലട ഗ്രൂപ്പിന്റെ മാനേജര്‍ അടക്കം രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. തിരുവനന്തപുരം മാനേജരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. 

ഗ്രൂപ്പിന്റെ കൊച്ചി വൈറ്റിലയിലെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. യാത്രക്കാരെ മര്‍ദിച്ച സംഭത്തില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ ഐപിഎസ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. മര്‍ദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണില്‍ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസില്‍ പ്രതി ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

സംഭവത്തില്‍ കര്‍ശനനടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയും പറഞ്ഞു. ഗതാഗത കമ്മീഷണറോട് ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com