ബംഗളുരു ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം;  ബസ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശം

ഇന്ന് ഉച്ചയ്ക്ക് മുന്‍പ് ബസ്സ് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം - യാത്രക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം 
ബംഗളുരു ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം;  ബസ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബംഗളരു സര്‍വീസ് നടത്തുന്ന കല്ലട ബസ് ഹാജരാക്കാന്‍ നിര്‍ദ്ദേശം. കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് ബസ്സ് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. യാത്രക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

മര്‍ദ്ദനമേറ്റ യാത്രക്കാരില്‍ നിന്ന് മൊഴിയെടുത്ത ശേഷം പ്രതികളുടെ മേല്‍ കൂടുതല്‍ കുറ്റം ചുമത്തും. കേടായ ബസ്സിന് പകരം ബദല്‍ സംവിധാനം ആവശ്യപ്പെട്ടപ്പോഴാണ് ബസ് ജീവനക്കാര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. ബസ്സില്‍ നിന്ന്  ഇറക്കിവിട്ടെന്ന പരാതിയില്‍ ജീവനക്കാരായ മൂന്നു പേര്‍ക്കെതിരേയാണ് മരട് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാര്‍ മര്‍ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

അഷ്‌കറും സച്ചിനും ഈറോഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് മര്‍ദനമേറ്റത്. തിരുവനന്തപുരത്തു നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അജയ് ഘോഷ്.

സംഭവമറിഞ്ഞെത്തിയ മരട് പോലീസ് മൂവരെയും വൈറ്റില പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. തൃപ്പൂണിത്തുറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടാന്‍ നിര്‍ദേശിച്ചെങ്കിലും യുവാക്കള്‍ എത്തിയില്ല. അജയ്‌ഘോഷ് തൃശ്ശൂരിലെ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇതിനുശേഷം നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്ന് മരട് എസ്.ഐ. ബൈജു പി. ബാബു പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബസില്‍ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കള്‍ക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com