സുരേഷ് ഗോപിക്ക് നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നു: മോഹന്‍ലാല്‍

അദ്ദേഹത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടയെന്ന് പ്രാര്‍ത്ഥിക്കുന്നു. അതില്‍കൂടുതല്‍ പറയാന്‍ പറ്റില്ലല്ലോ
സുരേഷ് ഗോപിക്ക് നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നു: മോഹന്‍ലാല്‍

തിരുവനന്തപുരം: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അനുഗ്രഹം തേടി മോഹന്‍ലാലിന്റെ വീട്ടിലെത്തി. സിനിമാ ജീവിതം തുടങ്ങുന്ന കാലത്ത് മോഹന്‍ലാലും മമ്മൂക്കയും തന്നെ കൊണ്ടുനടന്നവരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് വിജയപ്രതീക്ഷയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലാലേട്ടന്റെ മറുപടി ഇങ്ങനെ- അദ്ദേഹത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടയെന്ന് പ്രാര്‍ത്ഥിക്കുന്നു. അതില്‍കൂടുതല്‍ പറയാന്‍ പറ്റില്ലല്ലോ. ഞങ്ങളുടെ സിനിമാ കുടംബത്തില്‍പ്പെട്ടവനാണ്, അടുത്ത സുഹൃത്താണ്. ഇദ്ദേഹത്തിന് നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

വോട്ട് ചെയ്യാന്‍ പോകുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, അങ്ങനെ ചോദിക്കാന്‍ പാടില്ല. നാളെ നടക്കാന്‍ പോകുന്ന ഒരു കാര്യത്തെ പറ്റി നമുക്ക് പറയാന്‍ പറ്റില്ലല്ലോ. അത് ഒരു സസ്‌പെന്‍സായി തുടരട്ടെയെന്ന് ലാല്‍ പറഞ്ഞു.

രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലാലിന്റെ മുറിയില്‍ ലാലെന്നെ കെട്ടിപ്പിടിച്ചാണ് കിടന്നിട്ടുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അന്നുമുതല്‍ ഇന്നുവരെയുള്ള ബന്ധം, എന്റെ വീട്ടിലൊക്കെ ലാലും അമ്മയും സുചിത്രയുമൊക്കെ വന്ന് ഭക്ഷണം കഴിക്കാറുണ്ട്, അങ്ങനെയൊരു ബന്ധമുണ്ട്. എന്റെ ജീവിതത്തില്‍ ആദ്യമായി സംഭവിക്കുന്ന മുഹൂര്‍ത്തത്തിന് ലാലിന്റെ അനുഗ്രവും എനിക്ക് അനിവാര്യമാണ്. അതുവാങ്ങാന്‍ വേണ്ടിയാണ് എത്തിയത്. വന്നു സന്ദര്‍ശിച്ചു, ഇതൊരു നിശ്ശബ്ദ പ്രചാരണത്തിന്റെ സമയമാണ്. ഞാന്‍ എന്റെ മണ്ഡലത്തിന് പുറത്തുവന്നാണ് ഇത് ചെയ്യുന്നത്. 

ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല. ഇതില്‍ കുടുംബപരമായ ബന്ധം മാത്രമേയുള്ളു. ലാലിന്റെ അമ്മയെനിക്ക് ഇഷ്ടമനുസരിച്ച് ഭക്ഷണമുണ്ടാക്കി തന്നിട്ടുണ്ട്. തുടക്കകാലത്ത് ഒരുപാട് തവണ ഷൂട്ടിങ് കഴിഞ്ഞ് ലാലിന്റെ കൂടെ താമസിച്ചിട്ടുണ്ട്. ലാലിന്റെ അമ്മയുടെ അനുഗ്രഹവും എനിക്ക് വേണമായിരുന്നു. അമ്മയെ കണ്ടു അനുഗ്രഹം വാങ്ങി. ഇത്രയേ ഉള്ളു. ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com