പരാതിക്കാരാണോ തെളിയിക്കേണ്ടത്?; പരാതി പറയുന്നവര്‍ക്ക് എതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല: ടിക്കാറാം മീണയ്‌ക്കെതിരെ ചെന്നിത്തല

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 02:44 PM  |  

Last Updated: 23rd April 2019 02:44 PM  |   A+A-   |  

 

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്ക് എതിരായ കേസ് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരാതിക്കാര്‍ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്നത് ശരിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരത്ത് പോളിംഗ് ബൂത്തില്‍ വോട്ട് ചിഹ്നം മാറി പതിയുന്നെന്ന് പരാതിപ്പെട്ട വോട്ടര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസ്.ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. 

വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പരാതികള്‍ പ്രിസൈഡിങ് ഓഫീസര്‍ എഴുതി വാങ്ങണമെന്നും പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ പരാതിക്കാരനെതിരെ കേസെടുക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.