കാസര്‍കോഡ് സംഘര്‍ഷം, 15 പേര്‍ക്ക് പരുക്ക്; കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 08:51 PM  |  

Last Updated: 23rd April 2019 08:51 PM  |   A+A-   |  

 

കാസര്‍കോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം വോട്ടെടുപ്പിനിടെ  കാസര്‍കോഡ്് ജില്ലയിലുണ്ടായ വിവിധ അക്രമസംഭവങ്ങളിലായി പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം പടരാതിരിക്കാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. കള്ളവോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപം എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാല്‍ തെക്കില്‍ സ്‌കൂളിലെ സംഘര്‍ഷത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീറിന് കുത്തേറ്റു. അക്രമികളെ തടയാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകന്‍ ജലീലിനും പരുക്കുണ്ട്. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കബീര്‍ അപകടനില തരണം ചെയ്തു. 

അതേസമയം രണ്ടുസംഭവങ്ങളിലുമായി പരുക്കേറ്റ അഞ്ചു ഇടതുമുന്നണി പ്രവര്‍ത്തകരും ചികിത്സയിലാണ്. യുഡിഎഫ് കരുതിക്കൂട്ടി അക്രമം നടത്തുകയായിരുന്നെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എന്‍ഡിഎയുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്‌തെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഡിവൈഎസ്പിക്കും, ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. സംഘര്‍ഷമുണ്ടായ സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കി.