'മുന്നണികളുടെ നെഞ്ചിടിപ്പ് കൂടി'; പത്തനംതിട്ടയില്‍ 10 ലക്ഷം പേര്‍ വോട്ടു ചെയ്തു; ചരിത്രത്തിലാദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 09:33 PM  |  

Last Updated: 23rd April 2019 09:33 PM  |   A+A-   |  

 

തിരുവനന്തപുരം: സമ്മതിദാനവകാശം വിനിയോഗിക്കാന്‍ വോട്ടര്‍മാര്‍ ഒന്നടങ്കം വോട്ട് ചെയ്യാന്‍ എത്തിയതോടെ കേരളം റെക്കോര്‍ഡ് പോളിങ്ങിലേക്കാണ് നീങ്ങുന്നത്. 1.97 കോടി ആളുകള്‍ വോട്ടു ചെയ്‌തെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.  സംസ്ഥാനത്ത് 76.35 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. 2014ലെ തെരഞ്ഞെടുപ്പില്‍ 74.02 ശതമാനമായിരുന്നു പോളിങ്.

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ വന്‍പോളിങാണ് ഇക്കുറി നടന്നത്. ഇക്കൂട്ടത്തില്‍ പത്തനംതിട്ട മണ്ഡലത്തില്‍ പോളിങ് ഉയര്‍ന്നത് ആര്‍ക്ക് ഗുണമാകുമെന്ന ആശങ്കയും പ്രതീക്ഷകളും മുന്നണികളില്‍ പങ്കുവെയ്ക്കുകയാണ്. പത്തനംതിട്ട മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം ഇവിടെ 10 ലക്ഷം കവിയുന്നത്. 13,78,587 പേരില്‍ 10,02,062 പേര്‍ വൈകിട്ട് ഏഴുമണിക്ക് മുന്‍പ് വോട്ടു ചെയ്തു എന്നാണ് ലഭ്യമാകുന്ന വിവരം.  കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ആറന്മുളയിലാണ്. 71 ശതമാനം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. 

കണ്ണൂര്‍, വയനാട്, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍  മണ്ഡലങ്ങളില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. എട്ട് മണ്ഡലങ്ങളില്‍ 2014 നേക്കാള്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തി.