വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്താനായില്ല; വോട്ടര്‍ അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd April 2019 06:53 PM  |  

Last Updated: 23rd April 2019 06:55 PM  |   A+A-   |  

 

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് എബിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഐപിസി 177-ാ്ം വകുപ്പ് പ്രകാരമായിരുന്നു നടപടി. അതേസമയം എബിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

വോട്ട് ചിഹ്നം മാറി പതിയുന്നെന്ന് എബിന്‍ പരാതിപ്പെട്ടിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടറായിരുന്നു എബിന്‍. തുട
ര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. 

വോട്ടിങ്ങില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ അത് തെളിയിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരാതികള്‍ പ്രിസൈഡിങ് ഓഫീസര്‍ എഴുതി വാങ്ങണമെന്നും പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ പരാതിക്കാരനെതിരെ കേസെടുക്കണമെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നത്. 

 വോട്ടര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്ക് എതിരായ കേസ് അംഗീകരിക്കാനാകില്ലെന്നും പരാതിക്കാര്‍ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്നത് ശരിയല്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്.