പകല്‍ മുഴുവന്‍ നീണ്ട പരിശ്രമം; മതില്‍ പൊളിച്ച് വാവ സുരേഷ് പിടികൂടിയത് മൂര്‍ഖന്‍ കൂട്ടങ്ങളെ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th April 2019 10:04 AM  |  

Last Updated: 24th April 2019 10:04 AM  |   A+A-   |  

 

ആലപ്പുഴ: ഇന്നലെ ആലപ്പുഴ ചാരുംമൂട്ടിലെ ജനങ്ങള്‍ ഒന്നടങ്കം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ വീടിന് മുന്‍പിലായിരുന്നു. നൂറനാട് പടനിലം കിടങ്ങയത്തുളള രമ ഉണ്ണികൃഷ്ണന്റെ വീടിന്റെ മതിലുകള്‍ പൊളിച്ച് മൂര്‍ഖനെയും കുഞ്ഞുങ്ങളെ പിടികൂടാനുളള കഠിനാധ്വാനത്തിലായിരുന്നു വാവ സുരേഷ്. ഇത് കാണാനാണ് ജനം തടിച്ചുകൂടിയത്. രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെ നീണ്ട പരിശ്രമത്തിനൊടുവില്‍  പത്തോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും മൂര്‍ഖനെയും വാവ സുരേഷ് പിടികൂടി. 

വാവ സുരേഷ് എത്തുംമുന്‍പു നാട്ടുകാര്‍ പത്തോളം കുഞ്ഞുങ്ങളെ പിടിച്ചിരുന്നു. രാവിലെ മൂര്‍ഖന്‍ കുഞ്ഞുങ്ങളെ ഓടിച്ചുകൊണ്ടു റോഡിനു കുറുകെ കീരി പോകുന്നതു നാട്ടുകാര്‍ കണ്ടു.ഇതിനെ തുടര്‍ന്നു തടിച്ചുകൂടിയ നാട്ടുകാര്‍ പിന്നാലെയെത്തി പത്തോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടിച്ച് ബക്കറ്റിലാക്കി. ഈ സമയം വാവസുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ സുരേഷ് ശേഷിക്കുന്ന പത്തോളം മൂര്‍ഖന്‍കുഞ്ഞുങ്ങളെ പിടിച്ചെടുത്തെങ്കിലും മതിലിലെ മാളത്തിലേക്കു കയറിയ മൂര്‍ഖനെ കിട്ടിയില്ല.  

തുടര്‍ന്ന് ഉച്ചയോടുകൂടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മതിലുകള്‍ പൊളിച്ചു. തുടര്‍ന്നു മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ മൂര്‍ഖനെയും വാവ സുരേഷ് പിടിയിലൊതുക്കി.