പതിനൊന്നുകാരിയുടേത് തൂങ്ങിമരണമെന്ന് പൊലീസ്; ദുരൂഹത

By സമകാലികമലയാളം ഡെസ്‌ക്  |   Published: 24th April 2019 10:12 AM  |  

Last Updated: 24th April 2019 10:12 AM  |   A+A-   |  

 

അങ്കമാലി: അമ്മയുടെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ പതിനൊന്ന് വയസുകാരിയുടേത് തൂങ്ങിമരണമാണെന്ന് പൊലീസ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്താല്‍ മൃതദേഹം ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നു. പൊലീസ് സര്‍ജന്റൈ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. 

കുട്ടിയുടേത് തൂങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ കാരണം വ്യക്തമല്ല. മുത്തശ്ശി തുണി അലക്കിയ ശേഷം കുളിമുറിയില്‍ നിന്ന് വന്നപ്പോഴാണ് കുട്ടിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ കഴുത്തില്‍ തോര്‍ത്ത് മുറുകിയ പാട് കണ്ടതോടെ ഡോക്ടറാണ് സ്വകാര്യ ആശുപത്രിയില്‍ വിവരമറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കുട്ടി തൂങ്ങിമരിച്ചതാണെന്ന് മുത്തശ്ശി പൊലീസില്‍ മൊഴി നല്‍കി. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

അതേസമയം മരണകാരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അങ്കമാലി പൊലീസ് അറിയിച്ചു. തൃശൂര്‍ കോടാലി സ്വദേശിനിയായ പെണ്‍കുട്ടി കറുകുറ്റിയിലെ അമ്മവീട്ടില്‍ അവധിക്ക് എത്തിയതാണ്.