മമ്മൂട്ടി അത് പറയാന്‍ പാടില്ലായിരുന്നു: വിമര്‍ശനവുമായി കണ്ണന്താനം 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th April 2019 11:47 AM  |  

Last Updated: 24th April 2019 11:47 AM  |   A+A-   |  

 

കൊച്ചി: എറണാകളം മണ്ഡലത്തിലെ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന നടന്‍ മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.മമ്മൂട്ടിയെ പോലെയുളള ഒരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിലുളള ഹുങ്കായിരിക്കാം മമ്മൂട്ടിയുടെ പരാമര്‍ശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു.

'മമ്മൂട്ടി കാണിച്ചത് അപക്വമായ നടപടിയാണ്. ഒരു സീനിയര്‍ നടനല്ലേ. വലിയ ഒരു ആളല്ലേ. പത്തു നാല്‍പ്പതുവര്‍ഷമായി ഹീറോയായിരിക്കുന്ന ആളാണ്. അദ്ദേഹത്തിന് അറിയാം ഇവിടെ മൂന്ന് സ്ഥാനാര്‍ത്ഥികളുണ്ടെന്ന്്. രണ്ടു സ്ഥാനാര്‍ത്ഥികളെ പിടിച്ചുനിര്‍ത്തി, അവര്‍ രണ്ടുപേരും കൊളളാം. അങ്ങനെ പറയുന്നത് ശരിയല്ല.'- കണ്ണന്താനം പറഞ്ഞു

'ഉത്തരവാദിത്വമുളള സ്ഥാനത്ത് ഇരിക്കുന്ന ഒരു നടന്‍ ഇങ്ങനയൊക്കേ പറയുന്നത് മോശമാണ്. അദ്ദേഹത്തെ കാണാന്‍ പോകാതിരുന്നതാകാം പ്രശ്‌നം. ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ പോയി. മോഹന്‍ലാലിനെ കാണാന്‍ പോയ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയില്ല. അതില്‍ അദ്ദേഹത്തിന് ഒരു ഹുങ്ക് കാണുമായിരിക്കാം'- കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.