വാരിക്കോരി വോട്ട് തന്നവര്‍ക്ക് നന്ദി; നല്ല വാര്‍ത്തകള്‍ക്കായി ഒരു മാസം കാത്തിരിക്കാമെന്ന് കെ സുരേന്ദ്രന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th April 2019 01:15 AM  |  

Last Updated: 24th April 2019 01:15 AM  |   A+A-   |  

 

കൊച്ചി: വാരിക്കോരി വോട്ട് നല്‍കിയ പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരോടും എന്‍. ഡി. എ സഹപ്രവര്‍ത്തകരോടും വിവിധ സാമൂഹ്യസംഘടനാ പ്രവര്‍ത്തകരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടാണെനിക്കുള്ളത്. തികച്ചും പുതിയൊരു മണ്ഡലത്തിലെത്തിപ്പെട്ട എനിക്കുവേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിച്ച ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം


അത്യന്തം ആവേശകരവും ഹൃദയസ്പര്‍ശിയുമായ പ്രചാരണത്തെത്തുടര്‍ന്ന് കനത്ത പോളിംഗോടെ തെരഞ്ഞെടുപ്പു യുദ്ധം അവസാനിച്ചു. നിറഞ്ഞ സ്‌നേഹവും അതിലേറെ വാല്‍സല്യവുമാണ് പത്തനം തിട്ടയിലെ ആബാലവൃദ്ധം ജനങ്ങള്‍ ഈ കാലയളവില്‍ എനിക്കു നല്‍കിയത്. വാരിക്കോരി വോട്ടുതന്ന് അനുഗ്രഹിച്ച എല്ലാ വോട്ടര്‍മാര്‍ക്കും ഒരായിരം നന്ദി. പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരോടും എന്‍. ഡി. എ സഹപ്രവര്‍ത്തകരോടും വിവിധ സാമൂഹ്യസംഘടനാ പ്രവര്‍ത്തകരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടാണെനിക്കുള്ളത്. തികച്ചും പുതിയൊരു മണ്ഡലത്തിലെത്തിപ്പെട്ട എനിക്കുവേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിച്ച ഓരോരുത്തരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അമ്മമാരും സഹോദരിമാരും യുവാക്കളും കൊച്ചുകുട്ടികളും വയോജനങ്ങളും നല്‍കിയ പിന്തുണ മറക്കാനാവാത്ത അനുഭവമായി. നരേന്ദ്രമോദിയോടും ബി. ജെ. പിയോടുമുള്ള ആഭിമുഖ്യം വലിയ തോതില്‍ ഇവിടെ വര്‍ദ്ധിച്ചു എന്നു വേണം കരുതാന്‍. കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകാന്‍ ഈ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും പ്രചോദനമേകുമെന്നതില്‍ തര്‍ക്കമില്ല. നല്ല വാര്‍ത്തകള്‍ക്കായി ഒരു മാസം കാത്തിരിക്കാം. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ നന്ദി