' മാറി നില്‍ക്കങ്ങോട്ട്' മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പിണറായിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായെന്ന് സതീശന്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th April 2019 12:23 PM  |  

Last Updated: 24th April 2019 12:28 PM  |   A+A-   |  

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'മാറി നില്‍ക്കങ്ങോട്ട് 'എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രിയുടെ പ്രതികരണം.  പോളിങ്ങിനെ കുറിച്ച് മറ്റൊന്നും പറയാനും അദ്ദേഹം തയ്യാറായില്ല.

തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് നല്ല സൗഹാര്‍ദ്ദപരമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ പൊടുന്നനെയുളള പെരുമാറ്റം മാധ്യമപ്രവര്‍ത്തകരില്‍ അമ്പരപ്പുളവാക്കി. നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുളള മുഖ്യമന്ത്രിയുടെ രോഷപ്രകടനം അന്ന് ഏറെ വിവാദമായിരുന്നു. 

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രി മര്‍ക്കടമുഷ്ഠി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഏറ്റവുമൊടുവിലായി വിവരം കിട്ടുമ്പോള്‍ 77.68 ശതമാനമാണ് കേരളത്തിലെ പോളിങ്.