ആര്‍എസ്പിയെ പിളര്‍ത്താതിരുന്നതില്‍ സിപിഎമ്മിന് പക, ഐസക്കും ജലീലും മതവിദ്വേഷം വളര്‍ത്തുന്നു: എന്‍ കെ പ്രേമചന്ദ്രന്‍ 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th April 2019 10:22 AM  |  

Last Updated: 24th April 2019 10:22 AM  |   A+A-   |  

 

കൊല്ലം: എല്‍ഡിഎഫ് മന്ത്രിമാരായ തോമസ് ഐസക്ക് കെ ടി ജലീല്‍ എന്നിവര്‍ക്കെതിരെ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. ന്യൂനപക്ഷ മേഖലയില്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇരുവരും പ്രചാരണം നടത്തിയെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു. സിപിഎം വ്യക്തിപരമായി തന്നെ വേട്ടയാടുകയാണ്. ആര്‍എസ്പിയെ പിളര്‍ത്താതിരുന്നത് പകയ്ക്ക് കാരണമായെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടറിഞ്ഞ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് തന്നെയും കോണ്‍ഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുപ്പിന് തോമസ് ഐസക്ക് ശ്രമിക്കുന്നതായി പ്രേമചന്ദ്രന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കൊല്ലം മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുകാരെ ആരെയും കാണാനില്ല എന്നാണ് ഐസക്ക് ആരോപിച്ചത്. ഇതിനെ തളളി കൊണ്ടാണ് പ്രേമചന്ദ്രന്‍ രംഗത്തുവന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും തനിക്ക് വിസ്മയകരമായ പിന്തുണയാണ് ലഭിച്ചതെന്നും പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.