കെവിന്‍ വധം: ഒരേപോലെയുളള വെളള വസ്ത്രം ധരിച്ച് പ്രതികള്‍; തിരിച്ചറിയാനായില്ലെന്ന് പ്രധാനസാക്ഷി

കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു
കെവിന്‍ വധം: ഒരേപോലെയുളള വെളള വസ്ത്രം ധരിച്ച് പ്രതികള്‍; തിരിച്ചറിയാനായില്ലെന്ന് പ്രധാനസാക്ഷി

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു. കേസില്‍ വിചാരണനടപടിയുടെ ആദ്യ ദിനമായ ഇന്ന് പ്രധാനസാക്ഷിയായ അനീഷിന്റെ വിസ്താരമാണ് നടക്കുന്നത്. കെവിന്റെ ബന്ധുവാണ് അനീഷ്.അതേസമയം ഷാനു ചാക്കോയുടെ പിതാവ് ചാക്കോ ഉള്‍പ്പെടെ മൂന്നുപേരെ പ്രധാനസാക്ഷിയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചില്ല. പ്രതികളുടെ രൂപമാറ്റവും  ഒരേപോലെയുളള വെളള വസ്ത്രം ധരിപ്പിച്ച് ഇവരെ കോടതിയില്‍ എത്തിച്ചതുമാണ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായത്. 

കേസില്‍ ജില്ലാ കോടതി (രണ്ട്) പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുന്‍പാകെ ജൂണ്‍ ആറ് വരെ തുടര്‍ച്ചയായിട്ടാണ് വിസ്താരം നടക്കുക. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ. പതിവായി 11നാണ് കോടതി ചേരുന്നതെങ്കിലും  ഈ കേസിനായി രാവിലെ 10 മുതല്‍ നടപടി ആരംഭിക്കും. വൈകിട്ട് അഞ്ച് വരെ തുടരും. ഇതിനു ഹൈക്കോടതി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

കെവിന് ഏറ്റ മര്‍ദനം സംബന്ധിച്ച് പുറം ലോകത്തെ അറിയിച്ചത് പ്രധാനസാക്ഷിയായ അനീഷാണ്. കൊല്ലപ്പെട്ട കെവിനൊപ്പം താമസിച്ചിരുന്ന ബന്ധുവായ അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് കോട്ടയത്ത് എത്തിച്ച് മോചിപ്പിക്കുകയായിരുന്നു. 

തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച് കേസിലെ 14 പ്രതികള്‍ക്കു മേലും കൊലക്കുറ്റം ചുമത്തിയിരുന്നു. ഏഴ് പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com