രാഹുലിന്റെ ഭൂരിപക്ഷം തനിക്കുണ്ടാകില്ല; കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി
By സമകാലിക മലയാളം ഡെസ്ക് | Published: 24th April 2019 06:16 AM |
Last Updated: 24th April 2019 06:16 AM | A+A A- |

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഭിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. റെക്കോർഡ് ഭൂരിപക്ഷം തനിക്കല്ല രാഹുലിനായിരിക്കും. ഉയർന്ന പോളിങ് യുഡിഎഫ് തരംഗത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തെക്കുറിച്ചുയർന്ന പരാതികൾ നിർഭാഗ്യകരമാണ്. അതിന്റെ ഫലം കാത്തിരുന്ന് കാണാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ബിജെപി വിരുദ്ധ വോട്ടുകൾ യുഡിഎഫിന് അനുകൂലമാകും. രാഹുലിന്റെ വരവാണ് അതിന് കാരണം. പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപിക്ക് ഒരു സാധ്യതയുമില്ല. ശബരിമല വിഷയം കേരള സർക്കാരിന്റെ നയ വൈകല്യമാണ്. ആ വികാരം എൽഡിഎഫിന് എതിരായി നല്ലത് പോലെ പ്രതിഫലിക്കും. ഈ വിഷയത്തിൽ ബിജെപിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ല. കാരണം ഇക്കാര്യത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ട്. പ്രക്ഷോഭം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിജെപി അവകാശപ്പെടുന്നത്. ജനങ്ങൾക്ക് ചിന്തിക്കാൻ കഴിവുണ്ട്. അതുകൊണ്ടുതന്നെ ബിജെപിക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് അവർക്കറിയാം. എൽഡിഎഫ് മേഖലയിലെ കുറവുകളാണ് പൊന്നാനിയിൽ പോളിങ് ശതമാനം കുറയാൻ കാരണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.