ക്ഷേത്രത്തിനുള്ളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവാദം നൽകണോ? തന്ത്രിമാരുടെ അഭിപ്രായം തേടി സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2019 07:07 AM  |  

Last Updated: 25th April 2019 07:07 AM  |   A+A-   |  

 

തിരുവനന്തപുരം : ക്ഷേത്രങ്ങൾക്കുള്ളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവാദം നൽകണമോ എന്ന കാര്യത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂർ സ്വദേശി അഭിലാഷാണ് ഷർട്ട് ധരിച്ച് അമ്പലദർശനം നടത്താൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് നിവേദനം നൽകിയിരുന്നത്.

രണ്ട് മാസം മുമ്പ് നൽകിയ നിവേദനത്തിൽ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളിലും തന്ത്രിമാരോട് സർക്കാർ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികൾ വഴി ശേഖരിച്ച് റിപ്പോർട്ടാക്കാനാണ് ദേവസ്വം വകുപ്പിന്റെ നിർദ്ദേശം.

അതേസമയം ക്ഷേത്രാചാരമാണ് ഷർട്ട് ഒഴിവാക്കി ക്ഷേത്രത്തിനുള്ളിലും നാലമ്പലത്തിലും കയറുകയെന്നതെന്നും അതിൽ മാറ്റം വരുത്തേണ്ടതില്ലെന്നും പല തന്ത്രിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്രം പൊതുസ്ഥലമല്ലെന്നും നിയന്ത്രണങ്ങൾ വേണമെന്നുമാണ് ഒരു വിഭാ​ഗത്തിന്റെ പക്ഷം. മലബാർ, തിരുവിതാംകൂർ,കൊച്ചി ​ഗുരുവായൂർ ദേവസ്വം എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉടൻ തന്നെ റിപ്പോർട്ടാക്കിയ ശേഷം ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചേക്കും.