നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th April 2019 08:36 PM  |  

Last Updated: 25th April 2019 08:37 PM  |   A+A-   |  

 

തിരുവനന്തപുരം: ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദ്ദം രൂപമെടുത്തത് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്നാണു മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതു ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 

സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്‌നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്രന്യൂനമര്‍ദ്ദമായ ശേഷം ചുഴലിക്കാറ്റായി മാറിയേക്കാം. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം കേരളത്തിലും അനുഭവപ്പെടും. 

മത്സ്യതൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാപ്രദേശം, തെക്കന്‍ കേരളം, കന്യാകുമാരി, തമിഴ്‌നാട്, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങിയെത്താനും നിര്‍ദേശമുണ്ട്.

ഇപ്പോള്‍ കേരളതീരത്തു കടല്‍ക്ഷോഭം രൂക്ഷമാണ്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്കു കടല്‍കയറിയിട്ടുണ്ട്. തീരത്തു താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ പത്തൊന്‍പത് കുടുംബങ്ങളെ ക്യാംപുകളിലേക്കു മാറ്റി.