യാത്രക്കാരെ മര്‍ദിച്ച കേസ്: കല്ലട സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും, ഫോണ്‍ വിവരങ്ങളുള്‍പ്പെടെ പരിശോധിക്കാന്‍ പൊലീസ്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 25th April 2019 09:45 PM  |  

Last Updated: 25th April 2019 09:45 PM  |   A+A-   |  

 

കൊച്ചി: യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ കല്ലട സുരേഷിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യല്‍ തുടരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസില്‍ വെച്ചാണ് മൊഴിയെടുത്തത്. ഇയാളുടെ ഫോണ്‍ വിവരം അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് നേരത്തെ സുരേഷ് പൊലീസിനോട് പറഞ്ഞിരുന്നു. രക്ത സമ്മര്‍ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. 

ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. സുരേഷിന്റെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേട് പൊലീസ് കണ്ടെത്തിയിരുന്നു.

ബെംഗളൂരുവിലേക്കുള്ള കല്ലട ബസിലെ മൂന്ന് യുവാക്കളെയാണ് ഞായറാഴ്ച പുലര്‍ച്ച ബസിലെ ജീവനക്കാര്‍ ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹയാത്രികന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.